കൈതപ്രം കൊലപാതകം; നെഞ്ചിൽ ആദ്യ വെടിയേറ്റയുടൻ രാധാകൃഷ്ണൻ മരിച്ചു, കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യം

കണ്ണൂർ കൈതപ്രത്ത് മധ്യവയസ്കനായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ വ്യക്തി വിരോധവും പകയും. പ്രതി സന്തോഷ് ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കൃത്യത്തിന് മുമ്പ് ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് കൊലപാതകം കരുതിക്കൂട്ടി ഉറപ്പിച്ചതാണെന്ന് തെളിയിക്കുന്നു. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും സൗഹൃദത്തിലായിരുന്നു. അടുത്ത കാലത്ത് ഇരുവരും കൂടുതൽ അടുത്തു. ബന്ധത്തെ രാധാകൃഷ്ണൻ എതിർത്തതോടെ സന്തോഷിന്റെ മനസ്സിൽ വൈരാഗ്യം രൂപപ്പെട്ടു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
Read Also: മലപ്പുറം താഴെക്കോട് സ്കൂളിലെ സംഘർഷം; 2 വിദ്യാർഥികൾ കസ്റ്റഡിയിൽ
നെഞ്ചിൽ ആദ്യ വെടിയേറ്റയുടൻ രാധാകൃഷ്ണൻ മരിച്ചെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൃത്യത്തിന് ഉപയോഗിച്ചത് ബാരൽ ഗൺ ആണെന്നാണ് നിഗമനം. എന്നാൽ കൊലപാതകത്തിന് ശേഷം പ്രതി ഉപേക്ഷിച്ച തോക്ക് കണ്ടെത്താൻ സാധിക്കാത്തത് പൊലീസിന് മുന്നിൽ വെല്ലുവിളിയാവുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം കൈതപ്രം തൃകുറ്റ്യേരി ശ്മശാനത്തിൽ സംസ്കരിച്ചു.
രാധാകൃഷ്ണന്റെ വീടിന്റെ നിർമ്മാണം നടത്തിയിരുന്നത് സന്തോഷായിരുന്നു. സന്തോഷ് നിരന്തരമായി രാധാകൃഷ്ണനെ ഭീഷണിപ്പെടുത്താറുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൊല നടത്തിയതിന് ശേഷം സമീപത്തുള്ള കുളത്തിൽ തോക്ക് ഉപേക്ഷിച്ചതാവാമെന്നാണ് നിഗമനം. അന്വേഷണസംഘം തോക്ക് കണ്ടെത്താനായിട്ടുള്ള ശ്രമത്തിലാണ്.
Story Highlights : Kaithapram murder postmortem report out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here