അര്‍ജന്റീനക്ക് ഒരു ഗോള്‍ ജയം; 2026 ലോക കപ്പ് യോഗ്യത ഉറപ്പാക്കി

രണ്ടാം പകുതിയില്‍ തിയാഗോ അല്‍മാഡ നേടിയ ഏക ഗോളിന് യുറൂഗ്വായെ പരാജയപ്പെടുത്തി ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന 2026-നുള്ള ലോക കപ്പ് യോഗ്യത ഏതാണ്ട് ഉറപ്പിച്ചു. 26ന് ബ്രസീലുമായുള്ള മത്സരം കൂടിയാണ് അര്‍ജന്റീനക്കുള്ളത്. യുറുഗ്വായുടെ ഭാഗത്ത് നിന്നും പറയത്തക്ക മുന്നേറ്റങ്ങളൊന്നും ഇല്ലാതിരുന്ന മത്സരത്തിന്റെ 67-ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ വിജയഗോള്‍. ജൂലിയന്‍ അല്‍വാരെസിന്റെ അസിസ്റ്റില്‍ ബോക്‌സിന് പുറത്ത് നിന്ന് വലത് മൂലയിലേക്ക് ലക്ഷ്യം വെച്ചുള്ള വലത് കാല്‍ ഷോട്ട് യുറുഗ്വായ് കീപ്പര്‍ സെര്‍ജിയോ റോഷറ്റിനെ കടന്ന് വലയില്‍ പതിച്ചു.
മത്സരം തുടങ്ങി ആദ്യ മിനുട്ടുകളില്‍ തന്നെ ഇരുടീമുകളും ഗോള്‍ നേടാനുള്ള ശ്രമത്തിലായിരുന്നു. മൂന്നാം മിനിറ്റില്‍ യുറുഗ്വായുടെ നാന്റസ് തൊടുത്ത ക്രോസ് അര്‍ജന്റീന കീപ്പര്‍ മാര്‍ട്ടിനസ് പിടിച്ചെടുത്തു. 12-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിന്റെ ബോക്‌സിന് വെളിയില്‍ നിന്നുള്ള ഷോട്ട് ലക്ഷ്യമില്ലാതെ പാഞ്ഞുപോയി. 26-ാം മിനിറ്റില്‍ വീണ്ടും യുറുഗ്വായുടെ ഗോള്‍ ശ്രമം. ഡി അറാസ്‌കേറ്റ തൊടുത്ത ഫ്രീകിക്ക് മാര്‍ട്ടിനസിന്റെ കൈകളിലൊതുങ്ങി. തൊട്ടുപിന്നാലെ 27-ാം മിനിറ്റില്‍ യുറുഗ്വായുടെ ഗോള്‍മുഖത്ത് അര്‍ജന്റീനയുടെ ഗോള്‍ ശ്രമം. ബോക്‌സിലേക്ക് കടന്നുകയറി അല്‍വാരസ് വലതുകാല് കൊണ്ട് എടുത്ത ഷോട്ട് ഗോള്‍കീപ്പര്‍ പിടിച്ചെടുത്തു. 33-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ കീപ്പര്‍ മാര്‍ട്ടിനെസിന്റെ സുന്ദരമായ ഡൈവിങ് സേവ് കണ്ടു. ഇത്തവണയും ഡി അറാസ്‌കേറ്റയുടെ ഷോട്ടാണ് മാര്‍ട്ടിനസ് പിടിച്ചെടുത്തത്.
43-ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്നുള്ള സിമിയോണിയുടെ അപകടകരമായ ക്രോസ് യുറൂഗ്വായുടെ കീപ്പര്‍ തടഞ്ഞിട്ടത് എന്‍സോ ഫെര്‍ണാണ്ടസിന്റെ മുമ്പിലേക്കായിരുന്നു. ഓടിയെത്തിയ എന്‍സോ ഫെര്‍ണാണ്ടസ് ഷോട്ട് ഉതിര്‍ത്തെങ്കിലും പ്രതിരോധനിര തടഞ്ഞു. 49-ാം മിനിറ്റില്‍ അര്‍ജന്റീനക്ക് സുവര്‍ണാവസരം. അല്‍വാരസ് അല്‍മാഡക്ക് നല്‍കിയ പാസില്‍ സമയം ഒട്ടും പാഴാക്കാതെ അല്‍മാഡ കാല്‍വെച്ചെങ്കിലും സെര്‍ജിയോ റോഷറ്റ് പുറത്തേക്ക് തട്ടിത്തെറിപ്പിച്ചു.
Story Highlights: Argentina wins against Uruguay in World Cup Qualifying match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here