ബിജെപിയിൽ അടിമുടി മാറ്റം; പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കും, വർക്കിംഗ് പ്രസിഡന്റ് ഉണ്ടാകില്ല

കേരളത്തിലെ ബിജെപിയുടെ നേതൃസ്ഥാനത്ത് പുതിയ മുഖമായി മുൻ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതിന് പിന്നാലെ നിർണായക നീക്കവുമായി ബിജെപി. പുതിയ സംസ്ഥാന കമ്മിറ്റിയെയും ഇതിനൊപ്പം തിരഞ്ഞെടുക്കും. പുതിയ ഭാരവാഹികളെ ബിജെപി സംസ്ഥാന അധ്യക്ഷൻ നോമിനേറ്റ് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ അടക്കം ചുമതലകൾ നിർവ്വഹിക്കാൻ പുതിയ ആളുകളെ തിരഞ്ഞെടുക്കും. ഇപ്പോഴുള്ള ചിലരെ നിലനിർത്തിക്കൊണ്ടാവും പുതിയ ആളുകളെ നിരയിലേക്ക് കൂട്ടിച്ചേർക്കുക. സംസ്ഥാന കമ്മിറ്റിയിൽ വർക്കിംഗ് പ്രസിഡൻറ് ഉണ്ടാകില്ല.
രാജീവ് ചന്ദ്രശേഖറിനെ പ്രസിഡൻറ് ആയി തിരഞ്ഞെടുത്തത് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു. കേന്ദ്ര തീരുമാനം പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ കോർ കമ്മിറ്റിയെ അറിയിച്ചു. കോർ കമ്മിറ്റിയാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. നാളെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. ഇതോടെ അഞ്ച് വർഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ സ്ഥാനമൊഴിയും.
അതേസമയം, മൂന്നാം തവണയും കേരളത്തിൽ ഭരണം നേടാൻ ലക്ഷ്യമിടുന്ന ഇടത് മുന്നണിയുടെ വികസന രാഷ്ട്രീയത്തിന് ബദലായി ബിജെപി നടത്തുന്ന പരീക്ഷണമാണ് രാജീവ് ചന്ദ്രശേഖറിൻെറ സംസ്ഥാന അധ്യക്ഷ പദവി. തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയവും നിയമസഭാ തിരഞ്ഞെടുപ്പിൽ മുപ്പതോളം
സീറ്റുകൾ നേടുകയുമാണ് അധ്യക്ഷ പദവി ഏറ്റെടുക്കുന്ന രാജീവ് ചന്ദ്രശേഖറിന് മുന്നിലുളള രാഷ്ട്രീയ വെല്ലുവിളി. ഗ്രൂപ്പ് പോരും പടലപിണക്കവും ശക്തമായി ബിജെപി കേരള ഘടകത്തെ ഒറ്റക്കെട്ടായി നയിക്കുകയാണ് രാജീവ് ചന്ദ്രശേഖറിന് മുന്നിലുളള ദുഷ്കരമായ ദൗത്യം.
പുറമേക്ക് പുരോഗമനമെങ്കിൽ മത-സാമുദായിക ശക്തികൾക്കും അത്തരം വേർതിരിവുകൾക്കും ആഴത്തിൽ വേരോടിയിരിക്കുന്ന കേരളത്തിൻെറ രാഷ്ട്രീയാന്തരീക്ഷം ബിജെപിയുടെ കടന്നുവരവിന് പരിപാകമാണെന്നാണ് സംഘപരിവാറിൻെറ വിലയിരുത്തൽ.എന്നാൽ ആ അന്തരീക്ഷം മുതലാക്കാൻ
വിശ്വാസ്യതയുളള നേതൃത്വമില്ലെന്നും സംഘപരിവാർ വിലയിരുത്തിയിട്ടുണ്ട്. ഇതിനുളള ഉത്തരമായിട്ടാണ് വ്യവസായിയും ടെക്നോക്രാറ്റുമായ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്.
പരമ്പരാഗതമായി ബിജെപിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വോട്ടുകൾക്കപ്പുറം കടന്ന് നിഷ്പക്ഷമതികളായവരെയും യുവാക്കളെയും കൂടി ആകർഷിച്ചാൽ മാത്രമേ ഇടത് വലത് മുന്നണികൾ കുത്തകയാക്കി വെച്ചിരിക്കുന്ന കേരള രാഷ്ട്രീയത്തിൽ ബിജെപിക്ക് കടന്നുകയറാനാവു,അത് രാജീവ് ചന്ദ്രശേഖറിലൂടെ കഴിയുമോയെന്നാണ് ബിജെപിയുടെ പരീക്ഷണം.
വിദ്യാർഥി പരിഷത്തിലൂടെയും മറ്റും രാഷ്ട്രീയം തുടങ്ങി ബിജെപിയുടെ നേതൃനിരയിലേക്ക് വന്നവരെയെല്ലാം ഒറ്റയടിക്ക് പിന്തളളി രാജീവ് ചന്ദ്രശേഖർ അധ്യക്ഷ പദവിയിലേക്ക് കടന്നിരുന്നതിനെതിരെ പാർട്ടിയിൽ അസ്വസ്ഥതകൾ ഉണ്ടാകുമെന്നുറപ്പാണ്.ഇതിനെ നേരിടാൻ ദേശീയ നേതൃത്വത്തിൻെറ അളവറ്റ പിന്തുണ മാത്രമാണ് രാജീവിൻെറ കൈയ്യിലുളള മരുന്ന്. ഈ വർഷം ഡിസംബറിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടുക എന്നതും രാജീവ് ചന്ദ്രശേഖറിന് മുന്നിലുളള രാഷ്ട്രീയ വെല്ലുവിളിയാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 30 സീറ്റിലെങ്കിലും ജയിക്കണം എന്നാണ് ബിജെപി ലക്ഷ്യമിടുന്നത്. അത് അപ്രാപ്യമല്ലെന്ന തരത്തിലുളള ചില പഠനങ്ങളും ബിജെപി നടത്തിയിട്ടുണ്ട്.
Story Highlights : Drastic change in BJP; New state committee to be elected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here