ഡല്‍ഹി ക്യാപിറ്റല്‍സിന് വിജയ ലക്ഷ്യം 210 റണ്‍സ്; വെടിക്കെട്ട് ബാറ്റിങ്ങുമായി മിച്ചല്‍ മാര്‍ഷും പുരാനും

മിച്ചല്‍ മാര്‍ഷും നിക്കോളാസ് പുരാനും തകര്‍ത്തടിച്ച ഇന്നിങ്‌സില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിന് നല്‍കിയത് 210 റണ്‍സിന്റെ വിജയലക്ഷ്യം. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പിടിച്ചുകെട്ടുകയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മിച്ചല്‍ സ്റ്റാര്‍കും കുല്‍ദീപ് യാദവും. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൌ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്. ഓപ്പണാറായി ക്രീസിലെത്തിയ മാര്‍ഷ് 36 പന്തില്‍ നിന്നും 72 റണ്‍സും പൂരാന്‍ 30 പന്തില്‍ 75 റണ്‍സും നേടി.
തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിക്കുകയായിരുന്നു ലഖ്‌നൗ. 5 ഓവറില്‍ 50 കടന്ന ടീം സ്‌കോര്‍ പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 64ല്‍ എത്തിയിരുന്നു. 8.2 ഓവറില്‍ ടീം സ്‌കോര്‍ 100 റണ്‍സ് തികഞ്ഞു. 12-ാം ഓവറില്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കി മുകേഷ് കുമാര്‍ ഡല്‍ഹിയുടെ തിരിച്ചുവരവിന് കളമൊരുക്കി. 36 പന്തില്‍ ആറ് സിക്‌സറുകളും ആറ് ബൗണ്ടറികളും സഹിതം 72 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് മാര്‍ഷ് മടങ്ങിയത്. എന്നാല്‍, തൊട്ടടുത്ത ഓവറില്‍ തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത നിക്കോളാസ് പൂരാന്‍ ഡല്‍ഹിയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. ട്രിസ്റ്റന്‍ സ്റ്റബ്‌സ് എറിഞ്ഞ 13 -ാം ഓവറില്‍ 4 സിക്‌സറുകളും ഒരു ബൌണ്ടറിയും സഹിതം പൂരാന്‍ എടുത്തത് 28 റണ്‍സ് ആയിരുന്നു. എന്നാല്‍ 14-ാം ഓവറില്‍ കുല്‍ദീപ് യാദവ് റിഷഭ് പന്തിനെ പുറത്താക്കി. 15-ാം ഓവറില്‍ മടങ്ങിയെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് നിക്കോളാസ് പുരാനെ ബൗള്‍ഡ് ആക്കി.
Story Highlights: DC vs LSG match in IPL 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here