Advertisement

ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്: ഒരു മാസം സമയം, ജല വിനിയോഗത്തിന്റെ കണക്ക് നല്‍കണം

March 24, 2025
Google News 2 minutes Read

ക്രിക്കറ്റ് അസോസിയേഷനുകള്‍ ഗ്രൗണ്ടുകള്‍ പരിപാലിക്കാന്‍ ഉപയോഗിക്കുന്ന ശുദ്ധജലത്തിന്റെയും സംസ്‌കരിച്ച വെള്ളത്തിന്റെയും അളവ് വെളിപ്പെടുത്തണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. ക്രിക്കറ്റ് മൈതാനങ്ങളുടെ പരിപാലനത്തിനായി ഉപയോഗിക്കുന്ന ഭൂഗര്‍ഭ ജലത്തിന്റെയും മുനിസിപ്പാലിറ്റികളില്‍ നിന്നും മറ്റും വിതരണം ചെയ്യുന്ന ജലത്തിന്റെയും മറ്റ് സ്രോതസ്സുകളില്‍ നിന്ന് ഉപയോഗിക്കുന്ന ജലത്തിന്റെയും കൃത്യമായ അളവുകള്‍ നല്‍കണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്.

ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യല്‍ സമിതി അംഗം സുധീര്‍ അഗര്‍വാള്‍, എക്‌സ്‌പേര്‍ട്ട് അംഗം എ സെന്തില്‍ വേല്‍ എന്നിവരാണ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. മഴവെള്ള സംഭരണി ഉപയോഗിക്കാതെയും മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കാതെയും ക്രിക്കറ്റ് മൈതാനങ്ങള്‍ പരിപാലിക്കാന്‍ ഭൂഗര്‍ഭജലത്തെ ആശ്രയിക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലായിരുന്നു ട്രൈബ്യൂണലിന്റെ ഇടപെടല്‍.

രാജ്യത്തെ എല്ലാ ക്രിക്കറ്റ് അസോസിയേഷനുകളും മൈതാനങ്ങള്‍ പരിപാലിക്കാന്‍ ഉപയോഗിക്കുന്ന ജലത്തിന്റെ അളവും ആശ്രയിക്കുന്ന സ്രോതസ്സുകളുടെ വിശദമായ വിവരവും, പ്രതിമാസം പ്രതിവര്‍ഷം എന്നിങ്ങനെ തരംതിരിച്ച് ട്രൈബ്യൂണലിനു മുമ്പാകെ നാലാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണം. കഴിഞ്ഞ ആഴ്ച കേസില്‍ കേന്ദ്ര ഭൂഗര്‍ഭജല അതോറിറ്റിയുടെ വാദം ട്രൈബ്യൂണല്‍ കേട്ടിരുന്നു.

മഴവെള്ള സംഭരണി പോലുള്ള സംവിധാനങ്ങളുള്ള 8 സ്റ്റേഡിയം അടക്കം രാജ്യത്തെ 11 സ്റ്റേഡിയങ്ങളും മൈതാന പരിപാലനത്തിന് ഭൂഗര്‍ഭ ജലത്തെ തന്നെയാണ് ആശ്രയിക്കുന്നത് എന്നാണ് കേന്ദ്ര അതോറിറ്റി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. ഇന്‍ഡോറില്‍ ഉള്ള ഹോള്‍ക്കര്‍ സ്റ്റേഡിയത്തിന് മാത്രമാണ് പ്രവര്‍ത്തനക്ഷമമായ മഴവെള്ള സംഭരണിയുള്ളത്. സംസ്ഥാന ഭൂഗര്‍ഭ ജല അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള 11 ഓളം സ്റ്റേഡിയങ്ങളില്‍ 7 എണ്ണത്തില്‍ മാത്രമാണ് മഴവെള്ള സംഭരണിയുള്ളത്. ഇതില്‍ ചെന്നൈയിലെ സ്റ്റേഡിയത്തിലും ഹിമാചലിലെ ധരംശാല സ്റ്റേഡിയത്തിലും മാത്രമാണ് പ്രവര്‍ത്തനക്ഷമമായ മഴവെള്ള സംഭരണിയുള്ളത്.

Story Highlights : NGT asks cricket governing associations to provide details on water usage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here