അനധികൃത പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതി സീൽ ചെയ്തു

ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ ഡൽഹി പൊലീസ് പരിശോധന നടത്തി സീൽ ചെയ്തു. സംഭവത്തിൽ ഡൽഹി പൊലീസിന് വീഴ്ച് പറ്റിയതായി ആഭ്യന്തര അന്വേഷണസമിതിയുടെ വിലയിരുത്തലിന് പിന്നാലെയാണ് നടപടി. വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ സീൻ മഹസർ തയ്യാറാക്കാത്തതടക്കം ഡൽഹി പൊലീസ് നടപടിക്രമങ്ങൾ പാലിച്ചില്ല എന്നാണ് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ വിലയിരുത്തൽ.
സമിതിയുടെ നിർദേശം അനുസരിച്ച് ഡിസിപി ദേവേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പണം കണ്ടെത്തിയ മുറിയിൽ പരിശോധന നടത്തി. മുറി സീൽ ചെയ്യുകയും വസതിയിലെ സുരക്ഷക്കായി കൂടുതൽ പൊലീസുകാരെ വിന്യസിക്കുകയും ചെയ്തു. അടുത്ത രണ്ടു ദിവസം സമിതി ഡൽഹിയിൽ തങ്ങി അന്വേഷണവും മൊഴിയെടുപ്പും നടത്തും.
Read Also: ‘മുസ്ലിങ്ങള്‍ക്കൊപ്പം ഹിന്ദുക്കള്‍ സുരക്ഷിതരല്ല’, വീണ്ടും വിവാദ പരാമർശവുമായി യോഗി ആദിത്യനാഥ്
അതേസമയം, സംഭവം നടന്ന രാത്രി 11.30ന് പണം കണ്ടെത്തിയത് രാവിലെ 8 മണിക്ക് മോർണിംഗ് ഡയറി സമർപ്പിച്ചപ്പോഴാണ് പൊലീസ് ആസ്ഥാനത്ത് അറിയുന്നതെന്ന് കമ്മീഷണർ സമിതിയെ അറിയിച്ചു. തീയണച്ച ഉടൻ യശ്വന്ത് വർമ്മയുടെ പിഎ എല്ലാവരോടും പോകാൻ ആവശ്യപ്പെട്ടെന്നും രാവിലെ വീണ്ടും എത്തിയപ്പോൾ വീണ്ടും മടക്കി അയച്ചതായും തുഗ്ലഖ് റോഡ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അന്വേഷണ സംഘത്തെ അറിയിച്ചു.
പൊലീസിന്റെ സാന്നിധ്യത്തിൽ അന്വേഷണ സംഘം ജഡ്ജിയുടെ ജീവനക്കാരിൽ നിന്ന് മൊഴി എടുക്കും. പണം കണ്ടെത്തിയ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. യശ്വന്ത് വർമ്മയുടെ സ്ഥലം മാറ്റത്തിനെതിരെ അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷന്റെ പ്രതിഷേധം തുടരുകയാണ്.
Story Highlights : Delhi Police Team Visits Justice Yashwant Varma’s Residence, Seals Area
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here