വിദ്യാർഥികളുടെ കോപ്പി അടി തടയാൻ ഉത്തരവിറക്കി മലപ്പുറം ജില്ലാ കലക്ടർ; 24 IMPACT

വിദ്യാർഥികളുടെ പരീക്ഷ കോപ്പിയടി തടയാൻ ഉത്തരവിറക്കി മലപ്പുറം ജില്ലാ കലക്ടർ. കോപ്പിയടിക്കാൻ പാഠഭാഗങ്ങൾ മൈക്രോ കോപ്പി എടുക്കുന്നതിനെതിരെയാണ് കലക്ടറുടെ നടപടി. ജില്ലാ കലക്ടർ വി ആർ വിനോദാണ് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽകിയത്. കോപ്പിയടിക്കാൻ കുട്ടികളെ സഹായിക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്ന വാർത്ത ട്വന്റി ഫോർ പുറത്തുകൊണ്ടുവന്നിരുന്നു. 24 IMPACT.
വിദ്യാർഥികൾ കോപ്പിയടിക്കാൻ വേണ്ടി മൈക്രോ ലെവൽ പ്രിൻറ്റ് ഔട്ടുകൾ തയ്യാറാകുന്നതുമായ ബന്ധപ്പെട്ട് ഫോട്ടോസ്റ്റാറ്റ് കടയുടമ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കോപ്പിയടി തടയാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയത്. വിദ്യാർഥികൾക്ക് ഇത്തരം കാര്യങ്ങളിലുണ്ടാകുന്ന ഭവിഷ്യത്തുകളുടെ കാര്യത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ഉപജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ നേത്യത്വത്തിൽ ബോധവൽക്കരണം നൽകണം, കോപ്പിയടികളിൽ നിന്ന് പിന്മാറാനുള്ള എല്ലാവിധത്തിലുള്ള ജാഗ്രതയും വിദ്യാഭ്യാസ വകുപ്പ് പാലിക്കണമെന്നും ജില്ലാ കലക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു.
വാട്സാപ്പ്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളില്‍ പണം കൊടുത്തും സൗജന്യമായും പ്രത്യേകം തയ്യാറാക്കിയ കോപ്പികളുടെ കച്ചവടം നടത്തുന്ന വാർത്ത ട്വന്റി ഫോറാണ് പുറത്തെത്തിച്ചത്. മുപ്പത് രൂപ മുതലാണ് സംസ്ഥാനത്തെ കോപ്പി കച്ചവടം ആരംഭിക്കുന്നത്. വരാന്‍ സാധ്യതയുള്ള ചോദ്യത്തിന്റെ കോപ്പികള്‍ വില്‍ക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ ജോയിന്റ് ചെയ്തുകൊണ്ടാണ് ട്വന്റിഫോര്‍ പ്രതിനിധി ഈ കുറ്റകൃത്യത്തിന്റെ വ്യാപ്തി മനസിലാക്കിയത്. ഇന്ന് മലയാളം പരീക്ഷ ആണെങ്കില്‍ രണ്ട് ദിവസം മുന്‍പ് തന്നെ കോപ്പികള്‍ വന്ന് തുടങ്ങും. കൂടുതല്‍ വരാന്‍ സാധ്യതയുള്ള ചോദ്യോത്തരമാണെങ്കില്‍ പണം നല്‍കണം. പണമയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചുനല്‍കിയാല്‍ നിങ്ങള്‍ക്ക് കോപ്പികള്‍ ലഭിക്കും.
മൈക്രോ ലെവലില്‍ എഴുതിയ കോപ്പികള്‍ പ്രിന്റ് ചെയ്ത് ഇത് കട്ട് ചെയ്ത് ശരീരത്തിലോ വസ്ത്രത്തിലോ ഒളിപ്പിച്ചാണ് കുട്ടികള്‍ പരീക്ഷ ഹാളില്‍ എത്തുക. അധ്യാപകര്‍ സമീപകാലത്ത് പിടിച്ച കോപ്പികളിലെ സാദൃശ്യമാണ് ട്വന്റിഫോറിനെ ഇത്തരമൊരു അന്വേഷണത്തിലേക്ക് എത്തിച്ചത്. തങ്ങള്‍ക്ക് തടിതപ്പാനായി പഠന മെറ്റീരിയല്‍ ദുരുപയോഗം ചെയ്യരുതെന്ന സന്ദേശം കൂടി ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഗ്രൂപ്പ് നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കുട്ടികള്‍ പഠന മെറ്റീരിയല്‍ പരീക്ഷാ സമയത്ത് ഒപ്പം കൊണ്ടുപോകുന്ന തുണ്ടുകളായാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാണ്.
Story Highlights : Malappuram District Collector issues order to stop students from copying
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here