Advertisement

‘സിനിമയെ മർമ്മമറിഞ്ഞു സൃഷ്ടിക്കുന്ന സംവിധായകനും, അത്ഭുതപ്പെടുത്തുന്ന മഹാനടനും ചേരുമ്പോൾ വിജയാരവം മുഴക്കാൻ ഒരുങ്ങി നിന്നാൽ മതി’; ഗോകുലം ഗോപാലൻ

March 27, 2025
1 minute Read

മലയാളത്തിന് പുറമേ മറ്റു സംസ്ഥാനങ്ങളും കാത്തിരുന്ന റിലീസ് ആയിരുന്നു മോഹൻലാൽ പൃഥ്വിരാജ് കൂട്ടുക്കെട്ടിന്റെ എമ്പുരാൻ. വന്‍ ഹൈപ്പില്‍ വന്ന ചിത്രത്തിന് ആദ്യ ഷോ കഴിയുമ്പോൾ എല്ലാകോണിൽ നിന്നും പോസിറ്റീവ് റിവ്യൂകളാണ് ലഭിക്കുന്നത്. എമ്പുരാനിലെ അഭിനേതാക്കൾക്ക് പുറമേ മറ്റു നിരവധി താരങ്ങളും ചിത്രം കാണാൻ തീയറ്ററിൽ എത്തിയിരുന്നു.

ശക്തമായ തിരക്കഥയ്‌ക്കൊപ്പം അതിനേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന മേക്കിങ് എന്നുവേണം പറയേണ്ടത്. ഒരു സംവിധായകന് തന്റെ ചിത്രത്തിന്മേലുള്ള കാഴ്ചപ്പാട് എന്തായിരിക്കണമെന്ന് എമ്പുരാനിലെ പല രംഗങ്ങളും വിളിച്ചോതുന്നുണ്ട്. ലോകമെമ്പാടും ചിത്രത്തെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എമ്പുരാന്റെ വിജയത്തിൽ പ്രതികരണവുമായി നിർമാതാവ് ഗോകുലം ഗോപാലൻ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ വിജയത്തിന്റെ കുറിപ്പ് പങ്കുവച്ചത്.

”സിനിമയെ അതിന്റെ മർമ്മമറിഞ്ഞു സൃഷ്ടിക്കുന്ന ഒരു സംവിധായകനും, ക്യാമറ കണ്ണുകളെ പോലും അഭിനയ പാടവം കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഒരു മഹാ നടനും ചേർന്ന് നിൽക്കുമ്പോൾ. ടെൻഷനേതുമില്ലാതെ ഇതുപോലെ കൈകളുയർത്തി. വിജയാരവം മുഴക്കാൻ ഒന്നൊരുങ്ങി നിന്നാൽ മാത്രം മതി” എന്നാണ് ഗോകുലം ഗോപാലൻ ഫേസ്ബുക്കിൽ കുറിച്ചത്. മോഹൻലാലിലും പ്രിത്വിരാജിനും ഒപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.

അതേസമയം മോഹൻലാൽ നേരിട്ട് വിളിച്ചതിനാലാണ് എമ്പുരാന്റെ നിർമ്മാണത്തിൽ പങ്കാളിയായതെന്ന് ശ്രീഗോകുലം മൂവിസ് ഉടമ ഗോകുലം ഗോപാലൻ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയിലെ ഏറ്റവും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ചെയ്ത സിനിമ പ്രതിസന്ധിയിലാകരുതെന്ന് ചിന്തിച്ചു. മോഹൻലാലുമായി 40 വർഷത്തെ അടുത്ത ബന്ധമെന്നും ഗോകുലം ഗോപാലൻ ട്വന്റിഫോറിനോട് പറഞ്ഞു.

180 കോടി ചെലവഴിച്ച ചിത്രം ഒരിക്കലും നിന്നു പോകാൻ പാടില്ല. മലയാള ചരിത്രത്തിലെ ആദ്യ ഐമാക്സ് ചിത്രമാണിത്. നിർമ്മാണത്തിൽ പങ്കാളിയാകണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ലാൽ വിഷമിക്കുമ്പോൾ സഹായിക്കാതിരിക്കുന്നത് എങ്ങനെയാണ്. ഗോകുലം വരണമെന്ന് ആഗ്രഹിച്ചത് മോഹൻലാലാണ്.
പ്രതിസന്ധി പരിഹരിക്കാൻ ആദ്യം വിളിച്ചതും മോഹൻലാലാണ്. പിന്നീട് ആന്റണി പെരുമ്പാവൂരും വിളിച്ചു. അതുകൊണ്ടാണ് ഏറ്റെടുത്തതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

റിലീസ് ഡേറ്റ് മാറ്റേണ്ടിവന്നാൽ വലിയ നഷ്ടമുണ്ടാകും. പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ ലൈക്കയോട് സംസാരിച്ചു.ലൈക്കക്ക് ഗോകുലത്തിനു പടം തരാൻ സന്തോഷമായിരുന്നു. സിനിമയിൽ ആത്മവിശ്വാസത്തോടെ ചെലവഴിക്കണം. ചിലപ്പോൾ 9 എണ്ണം പരാജയപ്പെടുമായിരിക്കാം. ഒന്നായിരിക്കും വിജയിക്കുന്നത്. മോഹൻലാലിന് കോട്ടം തട്ടാൻ പാടില്ലെന്ന് മാത്രമാണ് ചിന്തിച്ചത്. അതുകൊണ്ടാണ് വലിയ ബാധ്യത ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : Gokulam Gopalan on Empuraan Success

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top