പന്നിയുടെ കരൾ മനുഷ്യ ശരീരത്തിൽ തുന്നിച്ചേർത്ത് ചൈനയിലെ ഡോക്ടർമാർ; വൈദ്യശാസ്ത്ര രംഗത്ത് നാഴികക്കല്ലായ പരീക്ഷണം

ജനിതക മാറ്റം വരുത്തിയ പന്നിയുടെ കരൾ മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ശരീരത്തിലേക്ക് ചൈനീസ് ഡോക്ടർമാർ മാറ്റിവച്ചു. മനുഷ്യരിൽ പന്നിയുടെ കരൾ പ്രവർത്തിക്കുമോയെന്ന് അറിയാനുള്ള പഠനത്തിൻ്റെ ഭാഗമായാണ് പരീക്ഷണം നടത്തിയത്. നേച്ചർ എന്ന ഗവേഷണ ജേണലിൽ ഇത് സംബന്ധിച്ച ഫലങ്ങൾ ഗവേഷകർ പങ്കുവച്ചു. എന്നാൽ മരിച്ചയാളുടെ ബന്ധുക്കൾ മൃതദേഹം ആവശ്യപ്പെട്ടത് മൂലം പത്താം ദിവസം പരീക്ഷണം അവസാനിപ്പിക്കേണ്ടി വന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
പത്ത് ദിവസത്തെ പരിശോധനയിൽ കരളിൻ്റെ പ്രവർത്തനത്തിൽ പ്രധാനമായ പിത്തരസം, ആൽബുമിൻ എന്നിവ മസ്തിഷ്ക മരണം സ്ഥിരീകരിച്ച വ്യക്തിയിൽ തുന്നിച്ചേർത്ത പന്നിയുടെ കരളിൽ ഉൽപ്പാദിപ്പിക്കപ്പെട്ടതായാണ് കണ്ടെത്തൽ. വ്യക്തിയുടെ ശരീരത്തിൽ രോഗപ്രതിരോധ ശേഷിക്ക് പ്രതിസന്ധിയൊന്നും ഉണ്ടായില്ലെന്നും രക്തയോട്ടം സ്വാഭാവിക രീതിയിൽ തുടർന്നുവെന്നും ഗവേഷകർ പ്രഖ്യാപിച്ചു.
ചൈനയിലെ സിയാനിൽ പ്രവർത്തിക്കുന്ന ഫോർത് മിലിട്ടറി മെഡിക്കൽ യൂണിവേഴ്സിറ്റിക്ക് കീഴിലെ സിജിംഗ് ആശുപത്രിയിലാണ് പഠനം നടത്തിയത്. ഹെപ്പറ്റോബിലിയറി സർജൻ ലിൻ വാങിൻ്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. ഗുരുതരമായ കരൾ രോഗം പിടിപെട്ടയാളുടെ ജീവൻ രക്ഷിക്കാൻ ഈ ശസ്ത്രക്രിയക്ക് സാധിക്കുമോയെന്നത് ഈ ഘട്ടത്തിൽ പറയാനാകില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
2024 മാർച്ച് 10 നാണ് ഇത് സംബന്ധിച്ച ശസ്ത്രക്രിയ നടത്തിയത്. 2024 മാർച്ച് 20 ന് പരീക്ഷണം നിർത്തി, കുടുംബത്തിന് മരിച്ചയാളുടെ മൃതദേഹം കൈമാറി. സെനോട്രാൻസ്പ്ലാന്റേഷൻ അഥവാ ക്രോസ്-സ്പീഷീസ് ട്രാൻസ്പ്ലാൻറ് എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു പുതിയ നാഴികക്കല്ല് എന്നാണ് ചൈനീസ് പഠനത്തെ മെഡിക്കൽ ഗവേഷകർ വിശേഷിപ്പിക്കുന്നത്. കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നതിൽ തർക്കമില്ലെങ്കിലും മെഡിക്കൽ രംഗത്തെ വിപ്ലവകരമായ മാറ്റത്തിലേക്കുള്ള തുടക്കമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
Story Highlights : Pig liver transplant sparks hope for future human organ replacements in Chinese study
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here