Advertisement

‘ആലപ്പുഴ ജിംഖാന’യുടെ പാൻ ഇന്ത്യൻ പഞ്ച്; 5 മില്യൺ വ്യൂസുമായി ട്രെയിലർ, ഷെയർ ചെയ്ത് വിജേന്ദർ സിംഗ്, വിജയ് സേതുപതി, കാർത്തി

March 28, 2025
Google News 2 minutes Read

സൂപ്പർ ഹിറ്റ് ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ ‘ആലപ്പുഴ ജിംഖാന’യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്‌ലൻ, ഗണപതി, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പോസ്റ്ററുകൾക്കും മറ്റു അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നതും. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ ട്രെൻഡിങ്ങിൽ തുടരുകയാണ്. ബോക്സിങ് പശ്ചാത്തലമായി ഒരുക്കിയിരിക്കുന്ന സിനിമയിൽ നിറയെ ഹ്യൂമറും ഉണ്ടെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രം ഏപ്രിൽ 10ന് വിഷു റിലീസായി തിയേറ്ററിലെത്തും.

ആലപ്പുഴ ജിംഖാനയുടെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒളിമ്പിക് താരം വിജേന്ദർ സിംഗ്, തമിഴകത്തെ സൂപ്പർ താരങ്ങളായ വിജയ് സേതുപതി, കാർത്തി എന്നിവരും ട്രെയ്‌ലർ റീ ഷെയർ ചെയ്തിട്ടുണ്ട്. വിജേന്ദർ സിംഗ് 2008ലെ ബീജിംഗ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി, ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബോക്സറായി. 2009ലെ ലോക ചാമ്പ്യൻഷിപ്പിലും 2010ലെ കോമൺ‌വെൽത്ത് ഗെയിംസിലും വെങ്കല മെഡലുകളും, 2006 , 2014 ലെ കോമൺ‌വെൽത്ത് ഗെയിംസുകളിൽ വെള്ളി മെഡലുകളും അദ്ദേഹം നേടി. ട്രെയ്‌ലറിന്റെ ക്വാളിറ്റി പാൻ ഇന്ത്യൻ ലെവലിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. ഇതിനകം 55 ലക്ഷം കാഴ്ചക്കാരെ ചിത്രത്തിന്റെ ട്രെയ്ലർ യൂട്യൂബിൽ സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ ശ്രദ്ധ നേടുകയും വൻ വിജയം നേടുകയും ചെയ്ത പ്രേമലുവിനും തല്ലുമാലക്കും ശേഷം നസ്ലിനും, ഖാലിദ് റഹ്‌മാനും ഒന്നിക്കുന്ന ആലപ്പുഴ ജിംഖാനയുടെ റിലീസിനായി കേരളത്തിന് പുറത്തുള്ള പ്രേക്ഷകരും കാത്തിരിക്കുന്നുണ്ട്.

കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് എന്നാണ് സിനിമയെക്കുറിച്ച് ഖാലിദ് റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ആലപ്പുഴ ജിംഖാന നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക്‌ സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ‍, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

Story Highlights : Alappuzha gymkhana movie trailer trending

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here