എമ്പുരാൻ വിവാദ രംഗങ്ങൾ നീക്കം ചെയ്യും, ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; ഷെയര്‍ ചെയ്ത് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും

എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച മോഹന്‍ലാലിന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്ത് ചിത്രത്തിന്‍റെ സംവിധായകൻ പൃഥ്വിരാജ് സുകുമാരന്‍. നിർമാതാവ് ആന്റണി പെരുമ്പാവൂരും പോസ്റ്റ് പങ്കുവച്ചു. എൽ 2 ഇ, എമ്പുരാൻ എന്നീ ഹാഷ്ടാഗുകൾക്ക് ഒപ്പമാണ് പൃഥ്വിരാജ് പോസ്റ്റ് ഷെയർ ചെയ്തത്.
വിവാദമായ കാര്യങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ തങ്ങള്‍ അണിയറക്കാര്‍ ഒരുമിച്ച് തീരുമാനിച്ചതായി മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല. അതുകൊണ്ട് എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ വലിയ കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. റിലീസിന്‍റെ ആദ്യ രണ്ട് ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു…
സ്നേഹപൂർവ്വം മോഹൻലാൽ
Story Highlights : Prithviraj Mohanalal on Empuraan Controversy post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here