ഉത്തരക്കടലാസ് നഷ്ടമായ സംഭവം, അട്ടിമറി ഉണ്ടായിട്ടില്ല; 71 വിദ്യാർഥികളെയും ഓൺലൈനായി പഠിപ്പിക്കാൻ തയ്യാർ, അധ്യാപകൻ

കേരള യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവത്തിൽ അട്ടിമറി ഉണ്ടായിട്ടില്ലെന്ന് ആരോപണ വിധേയനായ അധ്യാപകൻ പി പ്രമോദ്. യൂണിവേഴ്സിറ്റി എടുത്ത നടപടി അംഗീകരിക്കുന്നു. തനിക്ക് വീഴ്ചയാണ് സംഭവിച്ചതെന്നും,71 വിദ്യാർത്ഥികളെയും പുനഃപരീക്ഷയ്ക്കായി സജ്ജമാക്കാൻ ഓൺലൈൻ ക്ലാസ് നൽകാൻ തയ്യാറാണെന്ന് അധ്യാപകനായ പ്രമോദ് ട്വന്റി ഫോറിനോട് വ്യക്തമാക്കി.
ഉത്തരക്കടലാസുകൾ തൻറെ കയ്യിൽ നിന്നും നഷ്ടപ്പെട്ടത് വീഴ്ചയായി തന്നെയാണ് കാണുന്നതെന്നാണ് അധ്യാപകനായ പി പ്രമോദ് വ്യക്തമാക്കുന്നത്. പുനഃപരീക്ഷയിൽ എല്ലാ വിദ്യാർഥികൾക്കും ജയിക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ.
മനപൂർവ്വം അല്ലെങ്കിലും തന്റെ കയ്യിൽ നിന്ന് ഉത്തര കടലാസുകൾ നഷ്ടപ്പെട്ട സംഭവം ഉണ്ടായത് കൊണ്ടുമാത്രമാണ് ഇപ്പോഴെങ്കിലും യൂണിവേഴ്സിറ്റി ഉണർന്നത്. ഇനി പെട്ടെന്ന് തന്നെ വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ യൂണിവേഴ്സിറ്റിയെ ഇത് പ്രേരിപ്പിക്കുമെന്നും ഇതിൽ ഒരു അട്ടിമറിയും ഇല്ലെന്നും പി പ്രമോദ് കൂട്ടിച്ചേർത്തു. മൂല്യനിർണയത്തിൽ നിന്ന് ഡിബാർ ചെയ്ത നടപടി സന്തോഷത്തോടെ അംഗീകരിക്കുന്നുവെന്നും വിദ്യാർഥികളോട് മാപ്പ് ചോദിക്കുന്നുവെന്നും അധ്യാപകൻ വ്യക്തമാക്കി.
അതേസമയം, ഈ മാസം ഏഴാം തീയതി തന്നെ ഉത്തരക്കടലാസ് നഷ്ടമായ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്തും. വിദേശത്ത് ഉള്‍പ്പെടെ ജോലിയ്ക്ക് പോകേണ്ടി വന്ന വിദ്യാര്‍ഥികള്‍ക്കായി ഇതേ പരീക്ഷ ഈ മാസം 22 ന് വീണ്ടും നടത്തും. രണ്ട് പരീക്ഷയുടെയും ഫലം മൂന്ന് ദിവസത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ ചേര്‍ന്ന പരീക്ഷ വിഭാഗത്തിന്റെ ഉന്നതല യോഗത്തിൽ തീരുമാനമായി. സര്‍വ്വകലാശാലയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മേല്‍ സമ്മതിച്ചു.
എന്നാൽ നഷ്ടപ്പെട്ട പേപ്പറില്‍ ശരാശരി മാര്‍ക്ക് നല്‍കണമെന്ന വിദ്യാർഥികളുടെ വാദം സര്‍വ്വകലാശാല അധികൃതര്‍ പൂര്‍ണമായി തള്ളി. സര്‍വ്വകലാശാല തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
Story Highlights : Exam answersheet missing case; Alleged teacher says he is ready to teach all 71 students online
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here