മാസപ്പടി കേസ്, പാര്‍ട്ടിക്കെതിരായി ഉപയോഗിക്കുമ്പോള്‍ രാഷ്ട്രീയമായി നേരിടുമെന്ന് എം വി ഗോവിന്ദന്‍; പാര്‍ട്ടിയെ ആക്രമിക്കാനുള്ള പദ്ധതിയെന്ന് എം എ ബേബി

മാസപ്പടി കേസ്, കേസ് ആയി കൈകാര്യം ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടിക്ക് അതിനകത്ത് ഒരു പ്രശ്‌നവുമില്ല. ഇത് പാര്‍ട്ടിക്കെതിരായി ഉപയോഗിക്കുമ്പോഴാണ് രാഷ്ട്രീയമായി നേരിടും എന്ന് പറഞ്ഞതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പാര്‍ട്ടിയെ ആക്രമിക്കാനാണ് ഈ നടപടിക്ക് ബിജെപി ഇത്രയും കാലം കാത്തുനിന്നതെന്നും രാഷ്ട്രീയമായി നേരിടുമെന്നും പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പ്രതികരിച്ചു. ഓരോ കേസിനെയും അതിന്റെ സാഹചര്യത്തിലാണ് നിങ്ങള്‍ അഭിമുഖീകരിക്കേണ്ടത്, മനസിലാക്കേണ്ടത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിനെയും സിപിഐഎമ്മിനെയും ആക്രമിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. സിപിഐഎമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സിപിഐഎമ്മിന്റെ ഏറ്റവും സമുന്നതനായ നേതാവിനുമെതിരെയുമുള്ള ആക്രമണമാണിത് എന്നതില്‍ യാതൊരു സംശയവുമില്ല. അത് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട് – എം എ ബേബി പറഞ്ഞു.
സിപിഐഎമ്മിനെ എതിര്‍ക്കാന്‍ യുഡിഎഫിനും ബിജെപിക്കും മറ്റായുധങ്ങളില്ലാത്തതിനാലാണ് ഈ കേസ് കൊണ്ടുവരുന്നതെന്ന് എ വിജയരാഘവനും പറഞ്ഞു. രാഷ്ട്രീയമായി സിപിഐഎമ്മിനെ നേരിട്ട് തോല്‍പ്പിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കഴിയാത്ത സാഹചര്യത്തില്‍ അവരുപയോഗിക്കുന്ന പൊതുരീതിയാണിപ്പോള്‍ കാണുന്നത്. അതിനു മുന്നില്‍ ഞങ്ങളാരും തോറ്റു വഴങ്ങാന്‍ ഉദ്ദേശിക്കുന്നില്ല- അദ്ദേഹം വ്യക്തമാക്കി.
അഴിമതിയില്ലായെന്ന് മൂന്ന് കോടതി പറഞ്ഞല്ലോയെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എ കെ ബാലന്‍ പറഞ്ഞു. ഇതില്‍ കെണിയാന്‍ പോകുന്നത് പിണറായി വിജയനോ വീണയോ ആയിരിക്കില്ല. മറ്റുചിലരാകും. നിലവിലെ കേസുമായി ബന്ധപ്പെട്ട് പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഇത് ഡല്‍ഹി ഹൈക്കോടതിയുടെ മുന്‍പാകെ പരിഗണനയിലിരിക്കുന്ന കേസാണ്. ആ കേസിന്റെ ഉത്തരവ് വരുന്നതിന് മുന്‍പാണ് എസ്എഫ്‌ഐഒ കുറ്റപത്രം കൊടുത്തത് – എ കെ ബാലന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെയും സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയെയും പ്രതി ചേര്‍ത്താണ് എസ്.എഫ്.ഐ.ഒ യുടെ കുറ്റപത്രം. സേവനമൊന്നും നല്‍കാതെ വീണാ വിജയന്‍ 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. കേസില്‍ വീണ വിജയന്‍ , ശശിധരന്‍ കര്‍ത്ത എന്നിവര്‍ക്ക് പുറമേ സി.എം.ആര്‍.എല്‍ സി.ജി.എം ഫിനാന്‍സ് പി സുരേഷ് കുമാറിനെതിരെയും കേന്ദ്ര കമ്പനി കാര്യമന്ത്രാലയം പ്രോസിക്യൂഷന്‍ അനുമതി നല്‍കി. കമ്പനി കാര്യ ചട്ടം 447 ആം വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആറുമാസം മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ഒപ്പം വെട്ടിപ്പ് നടത്തിയ തുകയോ അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താം.
Story Highlights : CPIM Leaders reacts on Masappadi case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here