കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്നില്‍ പൊരുതാതെ കീഴടങ്ങി ഹൈദരാബാദ്; 80 റണ്‍സിന്റെ പരാജയം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂറ്റന്‍ ജയം. ഹൈദരാബാദിനെ 80 റണ്‍സിന് തകര്‍ത്തു. 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 120ന് ഓള്‍ഔട്ടായി. മൂന്ന് വീതം വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയും വൈഭവ് അറോറയുമാണ് ഹൈദരാബാദിനെ എറിഞ്ഞിട്ടത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 8 വിക്കറ്റ് നഷ്ടത്തിലാണ് 200 റണ്‍സെടുത്തത്. കെകെആറിനായി വെങ്കിടേഷ് അയ്യരും അങ്ക്രിഷ് രഘുവന്‍ശിയും അര്‍ധസെഞ്ചുറി നേടി. പുറത്താകാതെ 32 റണ്‍സെടുത്ത റിങ്കു സിങ്ങും തിളങ്ങി. രണ്ടാം ജയത്തോടെ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ട ഹൈദരാബാദ് പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്തേക്ക് വീണു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. രണ്ടാം ഓവറില്‍ ഡീ കോക്കിന്റെയും മൂന്നാം ഓവറില്‍ സുനില്‍ നരെയ്നിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ അജിന്‍ക്യ രഹാനെയും അങ്ക്കൃഷ് രഘുവംഷിയും മികച്ച പ്രകടനം നടത്തി. രഹാനെ – രഘുവന്‍ശി സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. 27 പന്തില്‍നിന്ന് 38 റണ്‍സെടുത്ത രഹാനെയെ പുറത്താക്കി സീഷാന്‍ അന്‍സാരിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നാലു സിക്‌സും ഒരു ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്. പിന്നാലെ അര്‍ധ സെഞ്ചുറി തികച്ച രഘുവംശിയെ കമിന്ദു മെന്‍ഡിസും പുറത്താക്കി.
Read Also: കൊൽക്കത്തയ്ക്ക് മുന്നിൽ തകർന്ന് ഹെഡും കൂട്ടരും; ഹൈദരാബാദിന് അവർ മുൻനിര വിക്കറ്റുകൾ നഷ്ടമായി
തുടര്‍ന്നെത്തിയ അയ്യര്‍ – റിങ്കു സഖ്യം കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. 29 പന്തുകള്‍ മാത്രം നേരിട്ട അയ്യര്‍ മൂന്ന് സിക്സും ഏഴ് ഫോറും നേടി. റിങ്കുവിനൊപ്പം ചേര്‍ന്ന് 91 റണ്‍സാണ് അയ്യര്‍ നേടിയത്.
നേരത്തെ, ടോസ് നേടിയ ഹൈദരബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.21 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 33 റണ്‍സെടുത്ത ഹെന്‍ റിച്ച് ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ക്ലാസനെ കൂടാതെ കാമിന്ദു മെന്‍ഡിസ് (27), നിതീഷ് കുമാര്‍ റെഡ്ഡി (19), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (14) എന്നിവര്‍ മാത്രമാണ് ഹൈദരാബാദ് നിരയില്‍ രണ്ടക്കം കണ്ടത്.
Story Highlights : Kolkata crush Hyderabad by 80 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here