വഖഫ് ബില്ലിൽ പ്രിയങ്കയുടെ അസാന്നിധ്യം നിരാശപ്പെടുത്തി, ഇടക്കൊക്കെ നട്ടെല്ല് വായ്പ കിട്ടുമോ എന്ന് ഷാഫി അന്വേഷിക്കണം; സമസ്ത നേതാവ്

വഖഫ് ബില്‍ അവതരണ വേളയില്‍ സഭയില്‍ നിന്നു വിട്ടു നിന്ന പ്രിയങ്കാ ഗാന്ധി നിരാശപ്പെടുത്തിയെന്ന് സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍. കോൺഗ്രസ് വിപ്പ് പോലും കാറ്റിൽ പറത്തി സഭയിൽ നിന്നു വിട്ടു നിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തിയെന്ന് സത്താർ പന്തല്ലൂർ പറഞ്ഞു. രാജ്യത്തെ സംഘപരിവാര്‍ വിരുദ്ധ പോരാട്ടം നയിക്കാനാണ് വയനാട് അവര്‍ക്ക് നാലര ലക്ഷം ഭൂരിപക്ഷം നല്‍കിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തത്തമ്മേ പൂച്ച എന്ന മട്ടില്‍ പെരുന്നാള്‍ ആശംസ പറഞ്ഞാല്‍ 48 ശതമാനം മുസ്ലിം വോട്ടുള്ള വയനാടിനു തൃപ്തിയാകും എന്നാണ് ധാരണയെങ്കില്‍ അതു ഭോഷ്‌കാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ മുസ്ലിം സമുദായ പ്രതിനിധിയായി കോണ്‍ഗ്രസ് നല്‍കിയ ടിക്കറ്റില്‍ ജയിച്ചത് ഷാഫി പറമ്പിലാണ്. ഇഖ്റാ ചൗധരിയെയും ഇമ്രാനെയും ഉവൈസിയെയൊന്നും മാതൃകയാക്കിയില്ലെങ്കിലും ഇടക്കൊക്കെ നട്ടെല്ല് വായ്പ കിട്ടുമോ എന്ന് അന്വേഷിക്കാവുന്നതാണ്. മുസ്ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ അടിത്തറ തകര്‍ക്കുക എന്ന ഫാസിസ്റ്റ് അജണ്ടയുടെ ആദ്യ കടമ്പ കേന്ദ്രഭരണകൂടം ലോകസഭയില്‍ പിന്നിട്ടു.
ഉത്തരേന്ത്യന്‍ മുസ്ലിം സമൂഹം കഴിഞ്ഞ 9 നൂറ്റാണ്ടുകളായി ആര്‍ജിച്ച പൈതൃക മൂലധനമാണ് സംഘി ഭരണം കൊത്തിവലിക്കാന്‍ ഒരുമ്പെടുന്നത്. രാത്രി പകലാക്കിയ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്നു പുലര്‍ച്ചെ 288 നെതിരെ 232 വോട്ടുകള്‍ വഖഫ് ബില്ലിനെതിരെ രേഖപ്പെടുത്തി. മതേതര ഇന്ത്യയില്‍ പ്രതീക്ഷ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
മുസ്ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ അടിത്തറ തകർക്കുക എന്ന ഫാസിസ്റ്റ് അജണ്ടയുടെ ആദ്യ കടമ്പ കേന്ദ്രഭരണകൂടം ലോകസഭയിൽ പിന്നിട്ടു. ഉത്തരേന്ത്യൻ മുസ്ലിം സമൂഹം കഴിഞ്ഞ 9 നൂറ്റാണ്ടുകളായി ആർജ്ജിച്ച പൈതൃക മൂലധനമാണ് സംഘി ഭരണം കൊത്തിവലിക്കാൻ ഒരുമ്പെടുന്നത്.
രാത്രി പകലാക്കിയ ചർച്ചകൾക്ക് ശേഷം ഇന്നു പുലർച്ചെ 288 നെതിരെ 232 വോട്ടുകൾ വഖഫ് ബില്ലിനെതിരെ രേഖപ്പെടുത്തി. ഗൗരവ് ഗൊഗോയും, കെസി വേണുഗോപാലുമടങ്ങിയ കോൺഗ്രസ് നേതൃനിരയും ഇന്ത്യമുന്നണിയും ലോകസഭയിൽ കാണിച്ച പേരാട്ട വീര്യം എടുത്തു പറയേണ്ടതാണ്. മതേതര ഇന്ത്യയിൽ പ്രതീക്ഷ അവസാനിച്ചിട്ടില്ല.
2014 വരെ ന്യൂനപക്ഷ വിഷയങ്ങളിൽ ഏകോദര സഹോദരങ്ങളെ പോലെ മുന്നോട്ടു പോയവരാണ് കേരളത്തിലെ മുസ്ലിം – ക്രൈസ്തവ സമുദായങ്ങൾ. എന്നാൽ മോദിയുടെ രണ്ടാമൂഴത്തിനു ശേഷം സംഘികളുടെ മുസ്ലിം വിരുദ്ധ കോറസ് ഏറ്റുപാടാൻ സീറോമലബാർ സഭ മുന്നോട്ടു വന്നു തുടങ്ങി. ചരിത്രമറിയാവുന്നവർക്ക് അതിൽ അൽഭുതമില്ല. ഹോളോകോസ്റ്റിനും ജൂത ഉൻമൂലത്തിനും ഹിറ്റ്ലർക്കൊപ്പം നിന്ന ചരിത്രമുള്ളവരാണ് കത്തോലിക്ക സഭ. സ്വാതന്ത്ര്യപൂർവ്വ കാലത്ത് ബ്രിട്ടീഷ് വിധേയരായിരുന്ന അവരുടെ നിലപാടുകൾ സ്വാതന്ത്ര്യ സമരത്തെ ദുബലപ്പെടുത്തിയില്ല എന്നതു പോലെ പുതിയ ഫാസിസ്റ്റ് വിരുദ്ധസമരത്തിനും അത് ഭീഷണിയാവില്ല. സ്വാതന്ത്ര്യാനന്തരം കോൺഗ്രസിനു പിന്നിൽ പാറ പോലെ ഉറച്ചുനിന്നവർ ഇന്ന് അവരെ കയ്യൊഴിയാൻ കാരണങ്ങൾ തേടുകയാണ്.
സഭയുടെ അവസരവാദം വിശ്വാസികളെ പൂർണ്ണമായി ബാധിച്ചിട്ടില്ല. ഈ വിടവ് നികത്താൻ ഏഷ്യാനെറ്റ് മുണ്ടു മുറുക്കുന്നുണ്ട്. മുനമ്പം വിഷയം കാരണമാണ് വഖഫ് ബിൽ ഉണ്ടായത് എന്നു വരെ തീവ്ര വലതുപക്ഷ ഡീപ്സ്റ്റേറ്റിന്റെ മലയാള സംപ്രേഷണം വാദിച്ചു പോരുകയാണ്. കേരള മുസ്ലിംകളുടെ വിഭവശേഷിയും പൊതുബോധവും ഇത്തരം സംഘി- കൃസംഘി രസക്കൂട്ടുകളെ തിരിച്ചറിയാൻ സമയമായിട്ടുണ്ട്.
കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ എൻ.കെ പ്രേമചന്ദ്രനും, ഹൈബി ഈഡനും, ഇ.ടി മുഹമ്മദ് ബഷീറുമൊക്കെ സഭയിൽ സ്വീകരിച്ച നിലപാടുകൾക്ക് സുദായാംഗങ്ങൾ എന്നും നന്ദിയുള്ളവരാണ്. പക്ഷെ സുപ്രധാനബിൽ അവതരണ വേളയിൽ കോൺഗ്രസ് വിപ്പു പോലും കാറ്റിൽ പറത്തി സഭയിൽ നിന്നു വിട്ടു നിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തി. രാജ്യത്തെ സംഘപരിവാർ വിരുദ്ധ പോരാട്ടം നയിക്കാനാണ് വയനാട് അവർക്ക് നാലര ലക്ഷം ഭൂരിപക്ഷം നൽകിയത്.
തത്തമ്മേ പൂച്ച എന്ന മട്ടിൽ പെരുന്നാൾ ആശംസ പറഞ്ഞാൽ 48% മുസ്ലിം വോട്ടുള്ള വയനാടിനു തൃപ്തിയാകും എന്നാണ് ധാരണയെങ്കിൽ അതു ഭോഷ്കാണ്. കേരളത്തിലെ മുസ്ലിം സമുദായ പ്രതിനിധിയായി കോൺഗ്രസ് നൽകിയ ടിക്കറ്റിൽ ജയിച്ചത് ഷാഫി പറമ്പിലാണ്. ഇഖ്റാ ചൗധരിയെയും, ഇമ്രാനെയും, ഉവൈസിയെയൊന്നും മാതൃകയാക്കിയില്ലെങ്കിലും മണിപ്പൂർ വിഷയത്തിൽ ഡീൻ കുര്യാക്കോസും, ഹൈബി ഈഡനുമൊക്കെ കാണിച്ച നട്ടെല്ല് ഇടക്കൊക്കെ വായ്പ കിട്ടുമോ എന്ന് അന്വേഷിക്കാവുന്നതാണ്. കെട്ട കാലത്തെ മുസ്ലിം പ്രാതിനിധ്യമെന്നാൽ റീൽസും കിഞ്ചന വർത്തമാനവും, ബാലൻസ് കെ നായർ ഉഡായിപ്പുകളുമല്ല.
Story Highlights : Sathar Panthaloor against Priyanka Gandhi and shafi parambil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here