Advertisement

‘പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം പ്രതിനിധികള്‍ പകരം മുഖ്യമന്ത്രിയെ കണ്ടെത്തി കേരളജനതയോട് നീതി കാണിക്കണം’ ; രമേശ് ചെന്നിത്തല

April 3, 2025
Google News 3 minutes Read
ramesh chemnithala

മാസപ്പടി കേസില്‍ വീണാ വിജയന്‍ പ്രതിപ്പട്ടികയില്‍ വന്ന സാഹചര്യത്തില്‍ ഇനി മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ഉടനടി രാജി വെക്കണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മകളാണ് മാസപ്പടി കേസില്‍ കുറ്റവാളിയായിരിക്കുന്നത്. പത്തു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ പ്രതിമാസം ലഭിച്ച മാസപ്പടിയാണിതെന്ന കാര്യം വളരെ വ്യക്തമാണ്. സ്വന്തം മകളെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ഇനി കേരളത്തിന്റെ ഭരണാധികാരിയായിരിക്കാന്‍ അര്‍ഹതയില്ല – അദ്ദേഹം വ്യക്തമാക്കി.

സിഎംആര്‍എല്‍ എന്ന സ്ഥാപനത്തില്‍ നിന്നും ഇതിന്റെ സഹോദരസ്ഥാപനമായ എംപവര്‍ ഇന്ത്യ എന്ന സ്ഥാപനത്തില്‍ നിന്നും വീണാവിജയന്‍ യാതൊരു സേവനവും നല്‍കാതെ 2.7 കോടി രൂപ എക്സാലോജിക് എന്ന കമ്പനി വഴി വാങ്ങിയെടുത്തെന്നാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഇന്‍കംടാക്സ് അപ്പലേറ്റ് കൗണ്‍സില്‍ വിധിയില്‍ സര്‍ക്കാരിലെ പ്രമുഖന്റെ മകളായതു കാരണം ഈ തുക മാസപ്പടിയാണെന്നു കൃത്യമായി നിര്‍വചിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറേക്കാലം അനങ്ങാതിരുന്നിട്ടും കടുത്ത പ്രതിപക്ഷ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ കേസ് ഏറ്റെടുക്കാന്‍ SFIO തയ്യാറായത് – രമേശ് ചെന്നിത്തല പറഞ്ഞു.

സാമ്പത്തിക ക്രമക്കേട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്ന സാഹചര്യത്തില്‍ ധാര്‍മ്മികമായി ഇനി ആ സ്ഥാനത്തു തുടരാന്‍ പിണറായി വിജയന് അര്‍ഹതയില്ലെന്നും മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം പ്രതിനിധികള്‍ അടിയന്തിരമായി പകരം മുഖ്യമന്ത്രിയെ കണ്ടെത്തി കേരളജനതയോട് നീതി കാണിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Story Highlights : The Chief Minister should resign immediately after Veena Vijayan was named as an accused in the Masappadi case said Ramesh Chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here