തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 3 മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം; സർക്കാരിനോട് ഹൈക്കോടതി

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ക്രമസമാധാനം ഉറപ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവിയും ജില്ലാ കളക്ടറും നടപടി എടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി തീർപ്പാക്കി.
യുക്തിപരമായ തീരുമാനത്തിൽ അന്വേഷണം എത്തിച്ചേരണമെന്നും ഈ വർഷത്തെ പൂരം ശരിയായി നടത്തണമെന്നും കോടതി നിർദേശിച്ചു. മാനദണ്ഡങ്ങൾ പാലിച്ചും കൃത്യമായ വ്യവസ്ഥകളോടെയുമാകണം പൂരം നടത്തിപ്പ്. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നവരെ നിയമപരമായിത്തന്നെ നേരിടണം. ക്രമസമാധാനം ഉറപ്പുവരുത്താൻ സംസ്ഥാന പോലീസ് മേഥാവിയുടെ മേൽനോട്ടം വേണം. പൊലീസിനെ കൃത്യമായി വിന്യസിക്കണമെന്നും കോടതി നിർദേശിച്ചു. ഡി.ജി.പിയ്ക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. ജില്ലാ കളക്ടറും എസ് പി യും കാര്യങ്ങൾ ഏകോപിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടം നിയമോപദേശം തേടിയിട്ടുണ്ട്. വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര ഒഴിച്ചിട്ട്, 200 മീറ്ററെന്ന ദൂരപരിധി നിബന്ധന മറികടക്കാനാവുമോ എന്നതിലാണ് നിയമോപദേശം തേടിയത്. വെടിക്കെട്ട് പുരയും ഫയര്‍ ലൈനും തമ്മിലുള്ള അകലം 200 മീറ്ററാക്കിക്കൊണ്ട് തൃശൂരിലില്‍ വെടിക്കെട്ട് സാധ്യമല്ല. അതിനിടെ തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധി പരിഹരിക്കാന്‍ ദേവസ്വം ഭാരവാഹികളുമായി സുരേഷ് ഗോപി വീണ്ടും ഡൽഹിയിലേക്ക് പോകും.
Story Highlights : Thrissur pooram issues HC issues instructions to the Govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here