Advertisement

വീണാ വിജയനെതിരായ എസ്എഫ്‌ഐഒ നടപടി: മുഖ്യമന്ത്രിയെ തകര്‍ക്കാനുള്ള ശ്രമം; പാര്‍ട്ടിയും മുന്നണിയും ശക്തമായി നേരിടും: ടി പി രാമകൃഷ്ണന്‍

April 4, 2025
2 minutes Read
t p ramakrishnan

വീണാ വിജയനെതിരായ എസ്എഫ്‌ഐഒ നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ആരോപണങ്ങള്‍ പിണറായിയെ ഒരു തരത്തിലും ബാധിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പാര്‍ട്ടി കണ്ടെത്തുകയും ആരോപണങ്ങളെല്ലാം നേരത്തെ തന്നെ തള്ളിക്കളയുകയും ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് ഒരുതരത്തിലുള്ള അഭിപ്രായ ഭിന്നതയും ഈ വിഷയത്തിലില്ലെന്നും ഏകകണ്ഠമായി നിന്നുകൊണ്ട് പിണറായി വിജയന്റെ നേതൃത്വത്തെ അംഗീകരിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതമാകെയെടുത്തു കഴിഞ്ഞാല്‍ എല്ലാ സന്ദര്‍ഭങ്ങളിലും പ്രതികൂലമായ സാഹചര്യങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. പിണറായിയെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള വിവിധ തരത്തിലുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. 2016ലെ തെരഞ്ഞെടുപ്പ് നടക്കുന്ന സന്ദര്‍ഭത്തിലും അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ വ്യാപകമായ സത്യവിരുദ്ധമായ ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ച് തകര്‍ക്കാന്‍ വേണ്ടി ശ്രമിച്ചിട്ടുണ്ട്. 2016ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് 91 എംഎല്‍എമാരുടെ പിന്തുണയോടെ എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത്. 2016ല്‍ നിന്ന് 2021ലേക്ക് എത്തിയപ്പോള്‍ ജനപിന്തുണ വര്‍ധിക്കുകയാണ് ചെയ്തത്. പാര്‍ലമെന്റ് ഇലക്ഷനിലും നിയമസഭാ തെരഞ്ഞെടുപ്പിലും വ്യത്യസ്തമായ ജനവിധി കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ആ യാഥാര്‍ത്ഥ്യം നമ്മുടെ മുന്നില്‍ നില്‍ക്കുന്നുണ്ട്. അതിനെയെല്ലാം അതിജീവിച്ച് മൂന്നാം തവണയും അധികാരത്തില്‍ വരാന്‍ പോകുന്നു എന്നു വന്ന സന്ദര്‍ഭത്തില്‍ അങ്ങേയറ്റത്തെ രാഷ്ട്രീയമായ ഗൂഢനീക്കത്തിന്റെ ഭാഗമായിട്ടാണ് പിണറായിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് – അദ്ദേഹം വ്യക്തമാക്കി.

Read Also: രാജ്യസഭയും കടന്ന് വഖഫ് നിയമ ഭേദഗതി ബിൽ; രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും

പിണറായിക്കെതിരായി മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിനെതിരായി ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍ സംഘടിതമായ നീക്കം ഈ പ്രശ്‌നത്തില്‍ ഉണ്ടായിട്ടുണ്ടെന്നും അതിനെ അതിജീവിച്ചില്ലെയെന്നും അദ്ദേഹം ചോദിച്ചു. വിജിലന്‍സ് അന്വേഷണത്തിന് വേണ്ടി കുഴല്‍നാടന്‍ കോടതിയെ സമീപിച്ച സമയത്ത് കോടതി അത് തള്ളിക്കഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍ എക്‌സാലോജിക്കുമായി ബന്ധപ്പെട്ട് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി രാഷ്ട്രീയമായ ഗൂഢനീക്കങ്ങളുണ്ട്. അത് യുഡിഎഫും ബിജെപിയും നടത്തുന്നുണ്ട്. കേരള ജനതയതിനെ നേരിടും എന്ന കാര്യത്തില്‍ സംശയമില്ല. നല്ല ആത്മവിശ്വാസത്തോടെയാണ് ഞങ്ങള്‍ ജനങ്ങളെ സമീപിക്കുന്നത്. അതിന് സാധിക്കുന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിലുള്ള വിശ്വാസം കൊണ്ടാണ്. ആ വിശ്വാസത്തിന് ഒരു കോട്ടവും വരുത്താന്‍ ഇതുപോലുള്ള ആരോപണങ്ങള്‍ കൊണ്ട് സാധിക്കില്ല. ഇതിനെ നേരിട്ട് കൊണ്ടുതന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ട് പോകും – അദ്ദേഹം വ്യക്തമായി.

പിണറായിയുടെ ഇമേജ് തകര്‍ക്കുന്നതിന് വേണ്ടി എല്ലാ സന്ദര്‍ഭങ്ങളിലും അവര്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയും മുന്നണിയും ഇതിനെ ശക്തമായി നേരിടുമെന്നും പറഞ്ഞു.

Story Highlights : TP Ramakrishnan about SFIO action against Veena Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top