Advertisement

പിണറായി അനുകൂലിച്ചു, എം എ ബേബി സെക്രട്ടറി

April 6, 2025
Google News 2 minutes Read
baby pinarayi

ഇഎംഎസിനു ശേഷം കേരളത്തിൽ നിന്നുള്ള ഒരാൾ സിപിഐഎമ്മിനെ നയിക്കാനെത്തിയിരിക്കുന്നു. എം എ ബേബി സിപിഐഎം ജനറൽ സെക്രട്ടറി ആകുമെന്ന് പാർട്ടി കോൺഗ്രസിന് മുൻപുതന്നെ ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ ബംഗാൾ ഘടകം ബേബി പക്ഷത്തായിരുന്നില്ല. അശോക് ധാവളെ സെക്രട്ടറിയാവണമെന്നായിരുന്നു പശ്ചിമബംഗാളിൽ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളുടേയും കേന്ദ്രകമ്മിറ്റി അംഗങ്ങളുടേയും ആഗ്രഹം. മുതിർന്ന അംഗമായ രാഘവലുവിന്റെ പേരും സെക്രട്ടറി പദത്തിലേക്ക് ഉയർന്നു കേട്ടതോടെ നേതാക്കൾ പല തട്ടിലായി.


വൃന്ദാ കാരാട്ടിന് പ്രായപരിധിയിൽ ഇളവ് നൽകി സെക്രട്ടറി പദത്തിലേക്ക് കൊണ്ടുവരണമെന്നുള്ള ചർച്ചയും ഉയർന്നു. എന്നാൽ സെക്രട്ടറി പദത്തിലേക്ക് താനില്ലെന്ന നിലപാട് വൃന്ദാകാരാട്ട് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സിപിഐഎം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമിനെ സെക്രട്ടറിപദത്തിലേക്ക് കൊണ്ടുവരാനുള്ള ചർച്ചകളും നടന്നെങ്കിലും അദ്ദേഹം താനില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. ഇതോടെ അശോക് ധാവളെയും എം എ ബേബിയും മാത്രമായി. കേരളത്തിൽ മാത്രം അധികാരമുളള പാർട്ടി. ഏറ്റവും വലിയ ഘടകവും കേരളമാണ് എന്നിരിക്കെ ബേബിയെ പരിഗണിക്കില്ലെന്ന നിലപാട് സ്വീകരിക്കാൻ മറ്റു പിബി അംഗങ്ങൾക്കും കേന്ദ്രക്കമ്മിറ്റി അംഗങ്ങൾക്കും കഴിയാത്തൊരു സാഹചര്യമായിരുന്നു. ശക്തിക്ഷയിച്ച ബംഗാൾ ഘടകത്തിനും, ത്രിപുര ഘടകത്തിനും നിർണായകമായ നിലപാട് സ്വീകരിക്കാൻ കഴിയുമായിരുന്നില്ല.

Read Also: പാർട്ടിയെ നയിക്കാൻ എം എ ബേബി

പ്രായോഗികവാദിയായ നേതാവാണ് എം എ ബേബി. എസ്എഫ്ഐ പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന നേതാവ് എന്ന നിലയിലും കലാ-സാംസ്‌കാരിക രംഗവുമായുള്ള അടുപ്പവും ബേബിയുടെ സാധ്യത വർധിപ്പിച്ചു. എന്നാൽ ഇതൊന്നുമായിരുന്നില്ല ബേബിയിലേക്ക് ചർച്ച എത്താനുള്ള കാരണം; അത് പിണറായി വിജയന്റെ നിലപാടായിരുന്നു. പുതിയ ജന.സെക്രട്ടറിയെ തീരുമാനിക്കാനുള്ള അവസാനവട്ട ചർച്ചയിൽ പിണറായി വിജയൻ, ബേബിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് ഭാരവാഹി ചർച്ചയിൽ അന്തിമമായ തീരുമാനം ഉണ്ടായത്.
കെ കെ ശൈലജയോ ഇ പി ജയരാജനോ പി ബി അംഗമാവാനുള്ള സാധ്യതയും ആദ്യഘട്ട ചർച്ചയിൽ വന്നെങ്കിലും കേരളത്തിൽ നിന്ന് പുതുതായി ആരും പി ബിയിൽ എത്തിയില്ല. സെക്രട്ടറിയായി ഒരു മലയാളി എത്തിയതിനു പിന്നാലെ മറ്റൊരു അംഗം കൂടി വന്നാൽ സിപിഐഎം ഒരു കേരളാ പാർട്ടിയെന്ന ചർച്ച ഉണ്ടാവുമോ എന്ന സംശയവും കെ കെ ശൈലജയുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചു.

വൃന്ദാകാരാട്ടും സുഭാഷിണി അലിയും ഒഴിവാകുമ്പോൾ ഉണ്ടാവുന്ന ഒഴിവിലേക്ക് മഹാരാഷ്ട്രയിൽ നിന്നുള്ള മറിയം ധാവ്‌ളെ, തമിഴ് നാട്ടിൽ നിന്നുള്ള യു വാസുകി എന്നിവരെ പരിഗണിക്കാൻ തീരുമാനിച്ചതോടെയാണ് കെ കെ ശൈലജയുടെ പേര് വെട്ടിയത്. മലയാളിയായ വിജു കൃഷ്ണനാണ് പി ബിയിൽ എത്തിയ മറ്റൊരാൾ. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നയാളാണ് വിജു കൃഷ്ണൻ.

സിപിഐഎം രൂപീകരിച്ച ശേഷം ആറാമത്തെ ജനറൽ സെക്രട്ടറിയാണ് എം എ ബേബി. 1978 ൽ പഞ്ചാബിലെ ജലന്തറിൽ നടന്ന പത്താം പാർട്ടി കോൺഗ്രസിലാണ് ഇഎംഎസ് ജന.സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. 14ാം പാർട്ടി കോൺഗ്രസുവരെ നാല് ടേം ഇ എം എസ് ജന.സെക്രട്ടറിയായി തുടർന്നു. ഇ എം എസിനു ശേഷം ജന.സെക്രട്ടറി പദത്തിലെത്തിയ ഹർകിഷൻ സുർജിത്തും നാല് ടേം പൂർത്തിയാക്കിയാണ് സ്ഥാനമൊഴിഞ്ഞത്. പ്രകാശ് കാരാട്ട്, സിതാറാം യച്ചൂരി എന്നിവർ മൂന്നു തവണ ജന. സെക്രട്ടറിയായി. സെക്രട്ടറി പദവിയിൽ ഇരിക്കെയാണ് യച്ചൂരിയുടെ മരണം. കഴിഞ്ഞ എട്ടുമാസത്തിലേറെയായി പാർട്ടിക്ക് ജന.സെക്രട്ടറി ഉണ്ടായിരുന്നില്ല. പകരം പ്രകാശ് കാരാട്ട് കോ-ഓഡിനേറ്ററായി പാർട്ടിയെ നയിക്കുകയായിരുന്നു. പ്രായപരിധിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ് നൽകിയിട്ടുള്ളത്.

Story Highlights : Pinarayi supported, MA Baby Secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here