Advertisement

മലപ്പുറം മുസ്‌ലിം രാജ്യം എന്ന് പറയാൻ കഴിയില്ല, പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം വിവാദമാകുന്നു; തിരുത്തി വെള്ളാപ്പള്ളി നടേശൻ

April 6, 2025
Google News 1 minute Read
vellapally

മലപ്പുറം പ്രസംഗത്തിൽ തിരുത്തലുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറം മുസ്‌ലിം രാജ്യമാണെന്ന് പറയാൻ കഴിയില്ല, മലപ്പുറം ആരുടേയും സാമ്രാജ്യമല്ല. താൻ മലപ്പുറത്ത് പറഞ്ഞത് സാമൂഹ്യനീതിയില്ല എന്നാണ്. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം വിവാദമാക്കുകയാണെന്നും
തന്റെ പരാമർശങ്ങൾ മുസ്‌ലിങ്ങൾക്ക് എതിരല്ലെന്നും വിവരിച്ചത് സമുദായത്തിൻ്റെ പിന്നോക്കാവസ്ഥയാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

സാമൂഹ്യനീതിയുടെ യാഥാർത്ഥ്യം തുറന്നുപറയുമ്പോൾ തന്നെ മുസ്‌ലിം തീവ്രവാദിയാക്കുന്നു. ബാബറി മസ്ജിദ് പൊളിച്ചപ്പോൾ ഏറ്റവും ശക്തമായി പ്രതികരിച്ചത് എസ്എൻഡിപി യോഗമാണ്. എന്നു മുതലാണ് തന്നെ മുസ്‌ലിം വിരോധിയായി മുദ്രകുത്തിയത്?. അഭിപ്രായങ്ങൾ പറയുമ്പോൾ തന്നെ ആണി അടിക്കുകയും കോലം കത്തിക്കുകയും ചെയ്യുകയാണ്. എന്റെ പരാമർശം ശരിയാണെന്ന് പറഞ്ഞ ചില മലപ്പുറത്തെ മുസ്‌ലിങ്ങൾ ഉണ്ട്. നീതി നിഷേധിക്കപ്പെടുമ്പോഴാണ് ജാതി ചിന്ത ഉണ്ടാകുന്നത്. ഏതു ജില്ലയിൽ ആണെങ്കിലും എല്ലാവർക്കും പ്രാതിനിധ്യം കൊടുക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറത്തെ തന്റെ പ്രസംഗം അടർത്തിയെടുത്തത് താൻ മുസ്‌ലിം വർഗീയവാദിയാണെന്ന് സമർത്ഥിക്കുവാൻ ചില മാധ്യമങ്ങൾ ശ്രമിച്ചു. എരിവും പുളിയും ചേർത്ത് പ്രസംഗം വളച്ചൊടിക്കുകയാണ് ഉണ്ടായത്. തന്റെ പ്രസംഗത്തിലെ സത്യാവസ്ഥ ജനങ്ങൾ മനസ്സിലാക്കണം. താൻ പോയ പ്രദേശത്ത് ഈഴവ വിഭാഗത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനം പോലുമില്ല.അങ്ങിനെയിരിക്കെ താൻ പ്രതിനിധീകരിക്കുന്ന സമുദായത്തിന്റെ ദുഃഖം എനിക്ക് പറയണ്ടേ.

Read Also: പാർട്ടിയെ നയിക്കാൻ എം എ ബേബി

ലീഗ് ഉൾപ്പെടുന്ന യുഡിഎഫ് സർക്കാർ മലപ്പുറത്ത് ഈഴവ സമുദായത്തിന് ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനം പോലും നൽകിയില്ല. മുസ്‌ലിം സമുദായത്തിന് 11 കോളജുകളാണ് അവിടെയുള്ളത്. ലീഗിന്റെ പ്രമുഖരായ നേതാക്കന്മാരാണ് അതിന്റെ ഉടമസ്ഥരെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, വെള്ളാപ്പള്ളിയുടെ പ്രസംഗത്തിനെതിരെ കനത്ത പ്രതിഷേധമാണ് നിലനിൽക്കുന്നത്. എല്ലാ സമയത്തും വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ വിഭാഗീയതയെ തുണയ്ക്കുന്നതാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മലപ്പുറത്ത് എല്ലാ സമുദായങ്ങളും സ്നേഹത്തോടെയാണ് കഴിയുന്നത് വെള്ളാപ്പള്ളി മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നാണ് മുസ്‌ലിം യൂത്ത് ലീഗിന്റെ നിലപാട്.

പേടിച്ചും ശ്വാസ വായു കിട്ടാതെയുമാണ് മലപ്പുറത്ത് ഒരു വിഭാഗം ജീവിക്കുന്നത് എന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും അദ്ദേഹം കളിയാക്കി. ചുങ്കത്തറയിലെ പൊതു പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.

Story Highlights : Vellapally Nateshan reaction about malappuram speech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here