Advertisement

മാസപ്പടി കേസ്: വിപുലമായ അന്വേഷണത്തിന് ഇ ഡി; കേസില്‍ ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കളുടെ ഇടപാടുകളും പരിശോധിക്കും

April 10, 2025
Google News 2 minutes Read
ED

മാസപ്പടി കേസില്‍ വിപുലമായ അന്വേഷണത്തിന് ഇ ഡി. വീണാ വിജയന് പുറമെ കേസില്‍ ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കളുടെ ഇടപാടുകളും പരിശോധിക്കും. ഇ ഡി കൊച്ചി ഓഫീസിനാണ് അന്വേഷണ ചുമതല. യൂണിറ്റ് നാല് ആണ് കേസ് അന്വേഷിക്കുക. ഡെപ്യൂട്ടി ഡയറക്ടര്‍ സിനി IRS നേതൃത്വം നല്‍കും.

സി എം ആര്‍ എല്‍ മാസപ്പടി ഡയറിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടവരുടെ ഇടപാടുകളാകും പരിശോധിക്കുക. രാഷ്ട്രീയ നേതാക്കള്‍ക്ക് ലഭിച്ച പണം Proceeds of crime ആയാല്‍ അന്വേഷണ പരിധിയില്‍ വരും. എസ്എഫ്‌ഐഒയില്‍ നിന്ന് കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ചാലുടന്‍ തുടര്‍ നടപടികളിലേക്ക് പോകും. സമന്‍സ് അയച്ച് ഓരോരുത്തരെയായി വിളിപ്പിക്കാനാണ് തീരുമാനം.

Read Also: പാതിവില തട്ടിപ്പ് കേസ്; കോണ്‍ഗ്രസ് നേതാവ് അഡ്വ. ലാലി വിന്‍സന്റിന്റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്

നേരത്തെ, കേസില്‍ വീണാ വിജയനെ ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചിരുന്നു. എസ്എഫ്‌ഐഒ രേഖകള്‍ പരിശോധിച്ച ശേഷം ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കും. 2024 മാര്‍ച്ചില്‍ മാസപ്പടി കേസില്‍ ഇഡി ECIR രജിസ്റ്റര്‍ ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡി നടപടികള്‍ പുനരാരംഭിക്കുന്നത്. എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ അവരോട് രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കത്ത് നല്‍കിയിരുന്നു. ഇതു പരിശോധിച്ച ശേഷം ചോദ്യം ചെയ്യുന്നതിനായി വീണാ വിജയന്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഇഡി തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ തുടര്‍നടപടികള്‍ക്ക് സ്റ്റേയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ എങ്ങനെ റദ്ദാക്കാന്‍ കഴിയുമെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. നേരത്തേ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് സിഎംആര്‍എലിന്റെ ഹര്‍ജികള്‍ മാറ്റിയിട്ടുണ്ട്. ഈമാസം ഇരുപത്തി ഒന്നിന് പുതിയ ബെഞ്ച് വാദം കേള്‍ക്കും. അന്വേഷണ റിപ്പോര്‍ട്ടില്‍ ശശിധരന്‍ കര്‍ത്തയാണ് ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ മകള്‍ വീണ പതിനൊന്നാം പ്രതിയാണ്.

Story Highlights : Masappadi case: ED to conduct extensive investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here