പുരുഷപക്ഷം പറയാനൊരു പടം ; ആഭ്യന്തര കുറ്റവാളിയുടെ ട്രെയ്‌ലർ പുറത്ത്

സേതുനാഥ് പദ്മകുമാറിന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനാകുന്ന ആഭ്യന്തര കുറ്റവാളിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. മലയാളത്തിലെ ആദ്യ പുരുഷ പക്ഷ ചിത്രമാകുമിതെന്ന് റിലീസിന് മുന്നേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രെയ്‌ലർ സൂചിപ്പിക്കുന്നതും സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നിർമ്മിക്കപ്പെട്ട നിയമങ്ങൾ ചിലർ ദുരുപയോഗം ചെയ്യുമ്പോൾ തെറ്റ് ചെയ്യാതെ കുറ്റമാരോപിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ്.
രണ്ട് തവണ വിവാഹിതനായ വ്യക്തിയായ ആസിഫ് അലിയുടെ കഥാപാത്രത്തിന്റെ വിവാഹ ജീവിതത്തിന്റെ സമാധാനം കെടുത്തുന്ന ഒരു പ്രശ്നം ഉദിക്കുകയും അതിനെതിരെ അയാൾ കോടതിയിൽ നടത്തുന്ന നിയമപോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. ആസിഫ് അലിക്കൊപ്പം ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, തുളസി, ശ്രേയ രുക്മിണി, തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

ആഭ്യന്തര കുറ്റവാളിയിലെ റിലീസ് ചെയ്ത ആദ്യ ഗാനമായ ‘പുരുഷ ലോകം’ എന്ന ഗാനം ഇതിനകം 7 ലക്ഷം കാഴ്ചക്കാരെ യൂട്യൂബിൽ സ്വന്തമാക്കിയിട്ടുണ്ട്. മൂന്നു മാസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനത്തിനിടയിലുണ്ടായ ചില തർക്കങ്ങൾ മൂലം കോടതി ഇടപെട്ട് ചിത്രത്തിന്റെ റിലീസ് തടയുകയുണ്ടായിരുന്നു. ഏതായാലും ഇപ്പോൾ ഏപ്രിൽ 17 റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
അജയ് ഡേവിഡ് കോച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് സോബിൻ സോമനാണ്. ബിജിബാൽ, രാഹുൽ രാജ്, മുത്തു, ക്രിസ്റ്റി ജോബി എന്നീ നാല് പേര് ചേർന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത്.ആഭ്യന്തര കുറ്റവാളി നിർമ്മിച്ചിരിക്കുന്നത് നൈസാം സലാമാണ്.
Story Highlights :A film that will appeal to the male audience; The trailer of ‘Abhyanthara kuttavali’ is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here