Advertisement

ഡയർ വൂൾഫ് തിരിച്ചു വന്നോ? ജീൻ എഡിറ്റിങ്ങിൽ സംഭവിച്ചതെന്ത്? വിവാദങ്ങൾക്ക് പിന്നിലെ യാഥാർഥ്യമെന്ത്

April 12, 2025
1 minute Read

12500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ഡയർ വൂൾഫ് എന്ന ചെന്നായ വിഭാഗത്തെ ജനിതക എഞ്ചിനീയറിങ്ങിലൂടെ പുനരുജ്ജീവിപ്പിച്ചെന്ന വാർത്ത വലിയ പ്രാധാന്യത്തോടെയും കൗതുകത്തോടെയുമാണ് ശാസ്ത്ര സമൂഹവും പൊതു സമൂഹവും അറിഞ്ഞത്. എന്നാൽ ഡയർ വൂൾഫിന്റെ തിരിച്ചുവരവ് യാഥാർഥ്യമായോ എന്നതിനെ ചുറ്റിപ്പറ്റി വിവാദങ്ങളും ഉയർന്നിരിക്കുകയാണ്. ടെക്‌സാസ് ആസ്ഥാനമായ കൊളോസൽ ബയോസയൻസസ് എന്ന കമ്പനിയാണ് ഡയർ വൂൾഫിനെ പുനരുജ്ജീവിപ്പിച്ചെന്ന് അവകാശപ്പെടുന്നത്.

ഡിഎൻഎയും ക്ലോണിങ്ങും ജീൻ എഡിറ്റിങ്ങും നടത്തിയാണ് ഡയർ വൂൾഫിനെ പുനജ്ജീവിപ്പിച്ചിരിക്കുന്നതെന്നതാണ് വാദം. 3 ഡയർ വൂൾഫുകളെയാണ് പുനരുജ്ജീവിപ്പിച്ചിരിക്കുന്നത്. ഇതിൽ ഒന്ന് 2024 ഒക്ടോബറിലും മറ്റൊന്ന് ഈ വർഷം ജനുവരിയിലുമാണ് ജന്മം നൽകിയത്. എന്നാൽ‌ ജീൻ എഡിറ്റിങ് വഴി തിരികെ എത്തിച്ചിരിക്കുന്നത് ഡയർ വൂൾഫുകളെ തന്നെയാണോ എന്നാണ് ശാസ്ത്രജ്ഞന്മാർക്കിടയിലെ തന്നെ സംശയം. ഈ സംശയത്തിലേക്ക് ശാസ്ത്രജ്ഞന്മാരെ നയിക്കുന്ന നിരവധി കാരണങ്ങളും ഉണ്ട്.

ഡയർ വൂൾഫിന്റെ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും അടുത്ത ബന്ധുവായ​ ​ഗ്രേ വൂൾഫിന്റെ ജീനിൽ മാറ്റം വരുത്തിയാണ് ഡയർ വൂൾഫുകളുടെ പുനഃസൃഷ്ടി നടത്തിയിരിക്കുന്നത്. എന്നാൽ ​ഗ്രേ വൂൾഫിന്റെ ജീനുകൾ കൊണ്ട് ഡയർ വൂൾഫ് പുനരുജ്ജീവിപ്പിക്കാൻ കഴിയില്ലെന്ന വാ​ദമാണ് ഉയുന്നത്. ജീൻ എഡിറ്റിങ് വഴി ​ഗ്രേ വൂൾഫിന്റെ ജീനുകളിൽ വെള്ള കോട്ട് കിട്ടാനും ഭാരം കൂട്ടാനും വലിയ തലകൾ കിട്ടാനനുമുള്ള ജീനുകൾ എഡിറ്റ് ചെയ്യുകയാണ് ഇവിടെ നടന്നരിക്കുന്നത്. ​

ഗ്രേ വൂൾഫിന്റെ ജീനോമിലെ 20 ജീനുകളിൽ 14 എണ്ണം മാത്രം എഡിറ്റ് ചെയ്യാനേ സാധിച്ചിട്ടുള്ളൂ. അതായത് പുനരുജ്ജീവിപ്പിച്ചിരിക്കുന്ന ചെന്നായ്ക്കൾക്ക് ഡയർ വൂൾഫിന്റെ സമാനമായ ആകൃതി മാത്രമായിരിക്കും ഉണ്ടാവുക. ജനറ്റിക്കലി മോഡിഫൈഡ് ചെയത ​ഗ്രേ വൂൾഫ് തന്നെയാണിതെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്.

അതേസമയം കൊളോസൽ ബയോസയൻസസ് നടത്തിയ പരീക്ഷണം പരാജയമാണെന്ന് പൂർണമായി പറയാനും കഴിയില്ല. ഡീഎക്സ്റ്റിൻക്ഷൻ ​ഗവേഷണത്തിന് ഉണർവ് പകരുന്നതാണ് ജീൻ എഡിറ്റിങ് പരീക്ഷണം. വംശനാശം സംഭവിച്ച ജീവിവർഗങ്ങളുടെ പതിപ്പുകൾ സൃഷ്ടിക്കാൻ മാത്രമാണ് അവരുടെ ശ്രമം. അതായത് വംശനാശം സംഭവിച്ചതിനെ യഥാർഥമായി സൃഷ്ടിക്കുകയല്ല. മറിച്ച് ഇപ്പോൾ ലഭ്യമാകുന്ന ജീനുകൾ ഉപയോ​ഗിച്ച് സമാനമായ രൂപം മാത്രമാകും സ‍‍ൃഷ്ടിക്കുക.

2021 ലെ ഒരു പഠനത്തിൽ പ്രസിദ്ധീകരിച്ച ഡിഎൻഎ തെളിവുകൾ, ഡയർ വൂൾഫുകൾ നായ്ക്കളുടെ വളരെ പഴയ പരിണാമ പരമ്പരയിൽ പെട്ടവരാണെന്ന് കണ്ടെത്തിയിരുന്നു. 13,000 വർഷം പഴക്കമുള്ള ഒരു പല്ലിൽ നിന്നും 72,000 വർഷം പഴക്കമുള്ള ഒരു തലയോട്ടിയിൽ നിന്നും ഡിഎൻഎ വേർതിരിച്ചെടുക്കാനും ക്രമപ്പെടുത്താനും ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു, ഇത് 2021 ലെ പഠനത്തിൽ ഉപയോഗിച്ച സാമ്പിളുകളേക്കാൾ പൂർണ്ണമായ ജീനോമിക് ഡാറ്റ നൽകി. ഡയർ ചെന്നായ്ക്കളുടെ ഏറ്റവും അടുത്ത ആധുനിക ബന്ധുക്കൾ ചെന്നായ്ക്കൾ, കൊയോട്ടുകൾ, ധോളുകൾ എന്നിവയാണ്, പുതിയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് അവർ അവരുടെ ഡിഎൻഎയുടെ 99.5 ശതമാനവും ചാര ചെന്നായ്ക്കളുമായി പങ്കിടുന്നു എന്നാണ്. ഇതിന്റെ ജീനുകൾ ഉപയോ​ഗിച്ച് ഡയർ വൂൾഫിന് രോമങ്ങളുടെ നിറം, കനം, ശരീര വലുപ്പം, ചെവി, തലയോട്ടി, മുഖത്തിന്റെ ആകൃതി എന്നിവയെ ബാധിക്കുന്ന ജീനുകൾ കമ്പനിയുടെ ശാസ്ത്രജ്ഞർ എഡിറ്റ് ചെയ്തു.

ജീൻ എഡിറ്റിംഗിലൂടെ ഒരു പുരാതന ചെന്നായയുമായി ജനിതകമായി സാമ്യമുള്ള എന്തെങ്കിലും നിർമ്മിക്കുക എന്നത് “ശരിക്കും സാധ്യമല്ല. നമുക്ക് ഒരേസമയം അത്രയധികം എഡിറ്റുകൾ സൃഷ്ടിക്കാൻ കഴിയില്ല,” കൊളോസൽ ബയോസയൻസസ് ​ഗവേഷകർ പറയുന്നു. എന്നിരുന്നാലും, മറ്റ് ശാസ്ത്രജ്ഞർ ഈ വീക്ഷണത്തോട് വിയോജിക്കുന്നു. “ഇതൊരു ഡിസൈനർ നായയാണ്. ഇത് ജനിതകമാറ്റം വരുത്തിയ ​ഗ്രേ ചെന്നായയാണ്,” മെയ്ൻ സർവകലാശാലയിലെ പാലിയോഇക്കോളജിസ്റ്റായ ജാക്വലിൻ ഗിൽ പറയുന്നു.

അതേസമയം കൊളോസൽ ബയോസയൻസ് ജീൻ എഡിറ്റിങ് വഴി പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിക്കുന്ന ജീവികളിൽ ഒന്ന് മാത്രമായിരുന്നു ഡയർ വൂൾഫ്. വംശനാശം സംഭവിച്ച് ഇല്ലാതായ മാമത്ത്, ഡോഡോ, ടാസ്മാനിയൻ കടുവ എന്നിവയ്‌ക്കെല്ലാം പുനർജന്മം നൽകാനാണ് കമ്പനിയുടെ അടുത്ത പദ്ധതി. അതിനുള്ള ജോലികൾ നടക്കുന്നുമുണ്ട്. എന്നാൽ ഇതിനെ പുനരുജ്ജീവിപ്പിക്കുകയെന്ന് പറയുമോയെന്നത് ശാസ്ത്രലോകത്തെ കടുത്ത സംവാദത്തിന് വഴി തുറക്കുക കൂടി ചെയ്യും.

Story Highlights : Did Scientists Actually De-Extinct the Dire Wolf?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top