ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; രാജസ്ഥാന്‍ റോയല്‍സ് ബെംഗളൂരുവിനെയും ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെയും നേരിടും

ഐപിഎല്ലില്‍ ഇന്നും രണ്ട് മത്സരങ്ങള്‍. സൂപ്പര്‍ സണ്‍ഡെ കളറാക്കാന്‍ ആദ്യം റോയല്‍ പോരാട്ടം. സഞ്ജു സാംസന്റെ രാജസ്ഥാന്‍ റോയല്‍സ്, വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം. രാത്രി ഏഴരയ്ക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹിയുടെ എതിരാളികള്‍ മുംബൈ ഇന്ത്യന്‍സാണ്.
വിജയവഴിയില്‍ തിരിച്ചെത്തുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെയും ലക്ഷ്യം. തുടരെ രണ്ട് ജയങ്ങള്‍ക്ക് ശേഷം വീണ്ടും തോറ്റ് പ്രതിസന്ധിയിലാണ് സഞ്ജുവും കൂട്ടരും. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് പ്രധാന പ്രശ്‌നം. അതേസമയം, മത്സരം എതിരാളിയുടെ തട്ടകത്തിലായതിന്റെ ആശ്വാസത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കാരണം, ആര്‍സിബി സീസണില്‍ തോറ്റ രണ്ട് കളിയും ഹോം ഗ്രൗണ്ടിലായിരുന്നു. രാജസ്ഥാന്റെ മൈതാനമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നാലാം ജയത്തോടെ പോയിന്റ് പട്ടികയില്‍ മുന്നേറാമെന്ന പ്രതീക്ഷയിലാണ് രജത് പാട്ടിഥാറും സംഘവും.
രാത്രി ഏഴരയ്ക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ അപരാജിതരായി കുതിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ എതിരാളികള്‍ മുംബൈ ഇന്ത്യന്‍സ്. അഞ്ചാം ജയത്തോടെ പ്ലേ ഓഫിനോട് അടുക്കുകയാണ് അക്‌സര്‍ പട്ടേലിന്റെയും ടീമിന്റെയും ലക്ഷ്യം. അതേസമയം, ഹാട്രിക് തോല്‍വി ഒഴിവാക്കണം മുംബൈ ഇന്ത്യന്‍സിന്. അഞ്ച് കളിയില്‍ നാലും തോറ്റ ഹാര്‍ദികിന്റെ ടീമിന് വെറും രണ്ട് പോയിന്റ് മാത്രമാണുള്ളത്. ഇഷ്ട എതിരാളികളിലൊന്നായ ഡല്‍ഹിക്കെതിരെ രോഹിത് ശര്‍മ്മ ഫോമിലേക്കുയരുമെന്ന പ്രതീക്ഷയില്‍ ഹിറ്റ്മാന്‍ ആരാധകരും കാത്തിരിക്കുന്നു.
Story Highlights : Two matches in IPL today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here