‘എല്ലാ മത നേതാക്കളും ലഹരിക്ക് എതിരെ ഒറ്റക്കെട്ടായി പ്രചാരണം നടത്തണം’ ; കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍

ലഹരിക്ക് എതിരെ എല്ലാ ജനങ്ങളും ഒരുമിച്ചിറങ്ങണം എന്ന് ഇസ്ലാം മത പണ്ഡിതന്‍ കാന്തപുരം AP അബൂബക്കര്‍ മുസ്‌ലിയാര്‍. SKN40യുടെ ഭാഗമായി കോഴിക്കോട് മര്‍കസില്‍ എത്തിയ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാം മതത്തില്‍ ലഹരിക്ക് വിലക്കുണ്ട്. എല്ലാ മത നേതാക്കളും ലഹരിക്ക് എതിരെ ഒറ്റക്കെട്ടായി പ്രചാരണം നടത്തണം. ഭരണഘടന ഉയര്‍ത്തിപിടിച്ചു നമ്മുടെ രാജ്യത്തിന്റെ നല്ല പേരു സംരക്ഷിക്കണം എന്നും ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
നമ്മുടെ ശ്രദ്ധ കുറഞ്ഞു പോയി എന്നാണ് ഞാന്‍ മനസിലാക്കുന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കാന്‍ പാടില്ല എന്ന കാര്യം ബോധവത്കരണത്തിലൂടെ മാത്രമേ നടപ്പാക്കാന്‍ സാധിക്കു. അതുകൊണ്ട്, വിദ്യാര്‍ത്ഥികളെ മതം നോക്കാതെ ബോധവത്കരിക്കണം -എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
ഭരണഘടന സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെ കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാ വിഭാഗം ആളുകളും ഉള്ള രാജ്യമാണ് ഇന്ത്യ. എല്ലാവര്‍ക്കും ജീവിക്കാനും പഠിക്കാനും പഠിപ്പിക്കാനും സൗകര്യമുള്ള ഭരണഘടനയാണ് നമ്മുടേത്. അതുകൊണ്ട് ആ ഭരണഘടനയെ സംരക്ഷിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമായി ഓരോരുത്തരും മനസിലാക്കണം. അതിന് എന്തെങ്കിലും പറ്റിപ്പോയാല്‍ പിന്നീട് ഒരു മതത്തിനോ മതമില്ലാത്തവര്‍ക്കോ ഒന്നും ഇവിടെ നിലനില്‍ക്കാന്‍ സാധിക്കാതെ വരും – അദ്ദേഹം വ്യക്തമാക്കി. അഭിമുഖത്തിന്റെ പൂര്‍ണരൂപം രാവിലെ 9.15ന് ട്വന്റിഫോറില്‍.
Story Highlights : Kanthapuram AP Abubakar Musliyar says that all people should come together against drug addiction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here