Advertisement

‘ദിവ്യയുടെ അഭിപ്രായം വ്യക്തിപരം; അഭിനന്ദനം സദുദ്ദേശപരമെങ്കിലും വീഴ്ചയുണ്ടായി’, കെ എസ് ശബരീനാഥൻ

April 16, 2025
Google News 2 minutes Read
sabarinath

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതിനെ അഭിനന്ദിച്ച ദിവ്യ എസ് അയ്യര്‍ക്ക് വീഴ്ചയുണ്ടായെന്ന് കെഎസ്. ശബരീനാഥൻ. ദിവ്യയുടെ അഭിപ്രായം തികച്ചും വ്യക്തിപരമാണ്. അഭിനന്ദനം സദുദ്ദേശപരമെങ്കിലും വീഴ്ചയുണ്ടായി. മുഖ്യമന്ത്രിക്കും സർക്കാർ പദ്ധതികൾക്കും ഒപ്പം നിൽക്കണം എന്നത് ഉദ്യോഗസ്ഥ ധർമ്മം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ സര്‍ക്കാരിനെയും സര്‍ക്കാര്‍ നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. കെ കെ രാഗേഷിന്റേത് രാഷ്ട്രീയ നിയമനമാണ്. രാഷ്ട്രീയ നിയമനം ലഭിച്ചയാളെ പുകഴ്ത്തുന്നത് ഒഴിവാക്കാമായിരുന്നു. ഈ വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നുവെന്നും കെ എസ് ശബരീനാഥന്‍ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശബരീനാഥന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ അംഗവുമായ കെ.കെ രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ്. അയ്യർ പോസ്റ്റ് പങ്കുവെച്ചത്. കർണന് പോലും അസൂയ തോന്നും വിധം ഈ കെകെആർ കവചം എന്ന തലക്കെട്ടോടെയായിരുന്നു ഇൻസ്റ്റ​ഗ്രാം കുറിപ്പ്. പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ദിവ്യക്കെതിരെ ഉയർന്നത്.

Read Also: ‘നന്മയുള്ളവരെക്കുറിച്ച് നാലാളോട് പറയാന്‍ പ്രയാസം വേണ്ട’; മറുപടിയുമായി ദിവ്യ എസ് അയ്യര്‍; രൂക്ഷവിമര്‍ശനം തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍

എകെജി സെന്‍ററിൽ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓർക്കണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനൻറെ വിമർശനം. പിണറായി വിജയന് പാദസേവ ചെയ്യുന്ന ചില ഐഎഎസ് മഹതികൾ ഉണ്ട്. ആ കൂട്ടത്തിലാണ് ദിവ്യ എസ്. അയ്യരെന്നായിരുന്നു കെ മുരളീധരന്റെ പരിഹാസം.

അതേസമയം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളെയാണ് ദിവ്യ അഭിനന്ദിച്ചതെന്നും, സ്ത്രീയെന്ന പരിഗണന ദിവ്യക്ക് നൽകണമെന്ന് ആയിരുന്നു കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ പ്രതികരണം. വിമർശനങ്ങൾക്ക് പിന്നാലെ മറുപടിയുമായി ദിവ്യ എസ് അയ്യരും രംഗത്തെത്തി. നന്മയുള്ളവരെ കുറിച്ച് നാലാളോട് പറയാൻ പ്രയാസം വേണ്ടെന്നായിരുന്നു വിമർശനത്തിന് ദിവ്യയുടെ മറുപടി. ഇതിന് മുമ്പും ദിവ്യ എസ് അയ്യർ വിവാദങ്ങളിൽപെട്ടിരുന്നു. പത്തനംതിട്ട കളക്ടർ ആയിരിക്കെ മകനുമായി പൊതുപരിപാടിയിൽ പങ്കെടുത്തപ്പോഴും, ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മന്ത്രിസ്ഥാനം രാജിവെച്ച കെ രാധാകൃഷ്ണനെ ആലിംഗനം ചെയ്തതും വലിയ ചർച്ചയായിരുന്നു.

Story Highlights : KS Sabarinathan reaction about Divya s Iyer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here