എല്ലാ മുറിവുകള്‍ക്കും ഇടയിലെ അതിജീവനം മതിയാക്കി ദിവ്യാ ജോണി തിരികെ പോയി

പ്രസവ ശേഷം സ്ത്രീകളില്‍ കണ്ടുവരുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷന്‍ എന്ന അവസ്ഥയുടെ ഇരയായിരുന്നു കുണ്ടറ കാഞ്ഞിരംകോട് സ്വദേശിനിയായ ദിവ്യാ ജോണി. പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷന്‍ വളര്‍ന്നു ഒടുവില്‍ പോസ്റ്റ്‌പോര്‍ട്ടം സൈക്കോസിസ് അവസ്ഥയിലെത്തിയതോടെ, ദിവ്യ സ്വന്തം കുഞ്ഞിന്റെ ജീവനടുത്ത ഒരു അമ്മയായി മാറി. എന്നാല്‍ പിന്നീട് ദിവ്യ തന്നെ മുന്നോട്ട് വന്നു താന്‍ അനുഭവിച്ച മാനസികാവസ്ഥ തുറന്നു പറഞ്ഞതോടെ പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷനെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കും വഴി വച്ചിരുന്നു. തുടര്‍ന്ന് ഏറെ പ്രതീക്ഷകളോടെ മറ്റൊരു ജീവിതവും ആരംഭിച്ചു. പക്ഷെ, വിധി മറ്റൊന്നായിരുന്നു. കഴിഞ്ഞ ദിവസം ദിവ്യ ജോണ്‍, ഭര്‍തൃ വീട്ടില്‍ വച്ച് തന്റെ ജീവിതം സ്വയം അവസാനിപ്പിക്കാന്‍ ശ്രമിച്ചു. ഹോസ്പിറ്റലില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയതോടെ വന്ന ഹൃദയാഘാതത്തില്‍ ഈ ലോകത്തോട് വിട പറഞ്ഞു.
യാദൃശ്ചികമായാണ് ദിവ്യയുടെ പഠനകാലത്ത് സഹോദരന്റെ മരണം സംഭവിച്ചത്. തുടര്‍ന്ന് തനിക്കേറെ അടുപ്പമുണ്ടായിരുന്ന അമ്മയും വേര്‍പിരിഞ്ഞു. എന്നാല്‍, താന്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ ബൈപോളാര്‍ ഡിസോര്‍ഡറിന്റെ അവസ്ഥയിലൂടെ കടന്നു പോയിരുന്നുവെന്നു ദിവ്യ ഏറെ വൈകിയാണ് മനസിലാക്കിയത്. അമ്മയുടെ മരണ നടന്ന് എട്ട മാസത്തിനു ശേഷം ദിവ്യ ജോണിയുടെ കല്യാണവും നടന്നു.
പക്ഷെ, വിവാഹ ശേഷവും ദിവ്യയെ കാത്തിരുന്നതും നിറമുള്ള ഒരു ജീവിതമായിരുന്നില്ല. താന്‍ കയറി ചെന്ന കൂട്ടുകുടുംബത്തില്‍ നിന്നും മാനസീക പിരിമുറുക്കത്തിലേക്ക് നയിക്കുന്ന നിരവധി അനുഭവങ്ങള്‍ ആ പെണ്‍കുട്ടിക്ക് സഹിക്കേണ്ടി വന്നു. ഏറെ വൈകാതെ ആ ജീവിതത്തിലേക്ക് ഒരു കുഞ്ഞു കൂടി കടന്നു വന്നു. പിന്നാലെ പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ എന്ന ദിവ്യയുടെ ജീവിതത്തെ തീരാദുഖത്തിലാഴ്ത്തിയ അവസ്ഥയും. ദിവ്യ പോസ്റ്റുപാര്‍ട്ടം ഡിപ്രെഷനുള്ള മരുന്ന് കഴിക്കാന്‍ തുടങ്ങി. പിന്നീട് ഉണ്ടായത് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. എന്നാല്‍, ഈ സമയമൊന്നും തന്നെ ഒന്ന് താങ്ങി നിര്‍ത്താന്‍ ഒരാളും ഉണ്ടായിരുന്നില്ലെന്ന് ദിവ്യ പറഞ്ഞിട്ടുണ്ട്.
താന്‍ കുഞ്ഞിനൊപ്പമുള്ളത് കുഞ്ഞിന്റെ ജീവന് തന്നെ ഒരു ഭീഷണിയായേക്കാമെന്നു ദിവ്യ മനസിലാക്കിയിരുന്നു. അതവള്‍ പലയാവര്‍ത്തി മറ്റുള്ളവരോട് പറയാന്‍ ശ്രമിച്ചെങ്കിലും ആരും അതിന്റെ തീവ്രത മനസിലാക്കിയില്ല. മനസിന്റെ നിയന്ത്രണം വിട്ടു പോയ ദിവ്യ അപ്പോഴേക്ക് പോസ്റ്റുപാര്‍ട്ടം ഡിപ്രെഷന്‍ എന്ന അവസ്ഥയില്‍ നിന്ന് വളര്‍ന്നു പോസ്റ്റുപാര്‍ട്ടം സൈക്കോസിസ് ആയി മാറിയിരുന്നു. എന്നാല്‍, താന്‍ ചെയ്യുന്ന അബദ്ധങ്ങള്‍ തനിക്ക് ഉടന്‍ തന്നെ മനസിലായി പെട്ടെന്ന് അതില്‍ നിന്നും മാറാന്‍ ശ്രമിക്കുമായിരുന്നു എന്നും ദിവ്യ പറയുന്നു. തുടര്‍ന്നാണ് ദിവ്യ കുഞ്ഞിനെ അപായപ്പെടുത്തിയത്. ദിവ്യതന്നെയാണ് പൊലീസിനെ വിളിച്ച് ഇക്കാര്യം പറഞ്ഞതും.
കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല, ഒടുവില്‍ ദിവ്യയെ പൊലീസ് അറസ്റ്റു ചെയ്ത കൊണ്ടുപോവുകയായിരുന്നു. അങ്ങനെ മനോരോഗ വിദഗ്ദ്ധര്‍ ദിവ്യയുടെ രോഗം തിരിച്ചറിഞ്ഞു, ഒടുവില്‍ ചികിത്സകള്‍ക്കെല്ലാം ഒടുവില്‍ ദിവ്യ തിരികെയെത്തിയപ്പോള്‍ നേരിട്ടതും ചങ്കു പൊട്ടുന്ന കുത്തു വാക്കുകളും അവഗണനയുമായിരുന്നെന്ന് ദിവ്യ അന്ന് ഫ്ലവേഴ്‌സ് ഒരു കോടിയുടെ വേദിയില്‍ തുറന്നു പറഞ്ഞതാണ്. എങ്കിലും ആ സമയമെല്ലാം ഒരാളെങ്കിലും തന്നോടൊപ്പം ഉണ്ടായിരുന്നുവെങ്കില്‍ ഇതൊന്നും നടക്കില്ലായിരുന്നുവെന്നു അവര്‍ കൂട്ടിച്ചേര്‍ത്തു. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന അവസ്ഥയെക്കുറിച്ച് ആളുകള്‍ ബോധവാന്മാരാകണമെന്നു സ്വന്തം അനുഭവത്തില്‍ നിന്ന് ദിവ്യ അത്രയേറെ ആഗ്രഹിച്ചിരുന്നു .
Story Highlights : Divya Johnny victim of postpartum depression died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here