മുംബൈയില്‍ ഇഡിക്കെതിരായ പ്രതിഷേധം: രമേശ് ചെന്നിത്തലയെ പൊലീസ് കസ്റ്റഡിയിലെടുത്തു; വിട്ടയച്ചു

മുംബൈയില്‍ ഇഡിക്കെതിരായ പ്രതിഷേധത്തിനിടെ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദാദറിലെ പൊലീസ് സ്റ്റേഷനില്‍ കരുതല്‍ തടങ്കലിലാക്കിയ ശേഷമാണ് പിന്നീട് നേതാക്കളെ വിട്ടയച്ചത്. പിസിസി അധ്യക്ഷന്‍ ഹര്‍ഷവര്‍ധന്‍ സപ്കല്‍, മുതിര്‍ന്ന നേതാവ് വിജയ് വടേദിവാര്‍ എന്നിവരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു.
നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇ ഡി നടപടിയുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായ പ്രതിഷേധം നടന്നു വരുന്നുണ്ട്. മുംബൈയിലെ പി സി സി ഓഫീസിന് സമീപത്ത് വച്ച് ഇന്ന് ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം നടന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി പ്രവര്‍ത്തക സമിതി അംഗം കൂടിയാണ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ന് പ്രതിഷേധം നടന്നത്. ഇങ്ങനെയൊരു പ്രതിഷേധ പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന് പൊലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഓരോരുത്തരെയും കസ്റ്റഡിയിലെടുത്ത് ദാദറിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പി സി സി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പൊലീസ് നടപടി. എല്ലാവരെയും ദാദര്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോയ ശേഷം വിട്ടയച്ചു. ചെന്നിത്തല തിലക് ഭവനിലേക്ക് തിരികെ എത്തി.
രാഹുല്‍ ഗാന്ധിക്കും, സോണിയ ഗന്ധിക്കുമെതിരെ കുറ്റപത്രം കൊടുത്തതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ എല്ലാ എംപിമാരും മുതിര്‍ന്ന നേതാക്കളും ഇഡി ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യാന്‍ തീരുമാനിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാര്‍ച്ചിനെ പൊലീസ് തടഞ്ഞു. ഞങ്ങളെ അറസ്റ്റ് ചെയ്ത് ദാദര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് വിട്ടയച്ചു. ഈ പോരാട്ടം ഞങ്ങള്‍ തുടരും. രാജ്യത്തെ ജനങ്ങള്‍ക്കിതറിയാം. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമാണ് – അദ്ദേഹം വ്യക്തമാക്കി.
Story Highlights : Ramesh Chennithala taken into custody by Mumbai police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here