Advertisement

CPIയിൽ ചെലവുചുരുക്കൽ കർശനം; എം എൻ സ്മാരകത്തിൽ താമസിക്കാൻ വാടക നൽകണം

April 18, 2025
Google News 1 minute Read

സിപിഐ നേതാക്കൾ ആദർശത്തിന്റെ കാര്യത്തിൽ എല്ലാകാലത്തും പൊതു പ്രവർത്തകർക്ക് മാതൃകയായിരുന്നു. ആഡംബരജീവിതത്തോട് എന്നും അകലം പാലിച്ചിട്ടുണ്ട്. ഇപ്പോഴിതാ പാർട്ടി ആസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ മുണ്ടുമുറുക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിപിഐ. പാർട്ടിയുടെ ഉന്നത നേതാക്കളുടെ യാത്രകളടക്കം നിയന്ത്രിച്ചും ഭക്ഷണച്ചെലവുകൾ കുറച്ചുമാണ് സിപിഐ മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് മാതൃകയാവുന്നത്.

സിപിഐ ഇടതുസർക്കാരിൽ രണ്ടാമത്തെ കക്ഷിയാണ്. നാല് മന്ത്രിമാരുണ്ട് പാർട്ടിക്ക്. വേണമെങ്കിൽ കുറച്ച് ആഡംബരമൊക്കെയാകാം. പക്ഷേ ആസ്ഥാന മന്ദിരത്തിന്റെ ഉൾപ്പെടെ നിർമാണത്തോടെ സാമ്പത്തിക ഞെരുക്കത്തിലായ പാർട്ടി മുണ്ടുമുറുക്കിക്കൊണ്ട് പ്രതിസന്ധി തരണം ചെയ്യാനാണ് തീരുമാനിച്ചത്. അനാവശ്യമായ ചെലവുകൾ ഇല്ലാതാക്കാനും അത്യാവശ്യമായ ചിലവുകൾപോലും കുറയ്ക്കാനും നേതൃത്വം തീരുമാനമെടുത്തിരിക്കുകയാണ്.

തിരുവനന്തപുരത്ത് എം എൻ സ്മാരകത്തിന്റെ പുനർനിർമാണത്തിനായി 10 കോടിയാണ് ബാധ്യത. കൊല്ലം കൊട്ടാക്കരയിലെ സി കെ ചന്ദ്രപ്പൻ സ്മാരക നിർമാണത്തിന് 14 കോടിയുമാണ് ചെലവായത്. ഇതോടെ പാർട്ടി കടുത്ത സാമ്പത്തിക ഞെരുക്കത്തിലായി. പാർട്ടിക്കുണ്ടായ വൻ ബാധ്യതകൾ ചിലവുചുരുക്കലിലൂടെ പരിഹരിക്കാനാണ് നേതാക്കളുടെ തീരുമാനം.

കാറുകളുടെ ഉപയോഗം വെട്ടിക്കുറച്ചും, നേതാക്കളുടെ കാർയാത്രകൾ ഒഴിവാക്കിയും അനാവശ്യമെന്നുതോന്നുന്ന എല്ലാവിധ ചിലവുകളും നിയന്ത്രിച്ചു തുടങ്ങിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. സംസ്ഥാന കമ്മിറ്റി യോഗങ്ങൾ നടക്കുമ്പോൾ കാന്റീനിൽനിന്ന് ആഹാരം കഴിക്കാനുള്ള നിർദേശം കർശനമായി നടപ്പാക്കി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യാത്രകൾ പരമാവധി ട്രെയിനുകളിലാക്കിയതോടെ മറ്റു നേതാക്കളും ഈ രീതിയിലേക്ക് മാറി. തിരുവനന്തപുരത്തിന് പുറത്തേക്കുള്ള യാത്രയ്ക്ക് കാർ ഉപയോഗിക്കേണ്ടതില്ലെന്നാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള നിരവധി നേതാക്കൾ സംസ്ഥാനകമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ യാത്രയ്ക്കും മറ്റുമായി സംസ്ഥാന കമ്മിറ്റിക്ക് വലിയൊരു തുകയാണ് വർഷം ചെലവായിരുന്നത്. സംസ്ഥാന കമ്മിറ്റിക്കുള്ള മൂന്നു കാറുകളുടെ ഉപയോഗം കാൽഭാഗമായി കുറച്ചതോടെ യാത്രാചെലവിനത്തിൽ മൂന്നുമാസം കൊണ്ട് ലാഭിച്ചത് നാലു ലക്ഷം രൂപയാണ്.

അത്യാവശ്യഘട്ടങ്ങളിലൊഴികെ നേതാക്കൾ കാറിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കാനാണ് നിർദേശമെന്നും എല്ലാ നേതാക്കളും ഐകകണ്‌ഠ്യേനയാണ് തീരുമാനമെടുത്തതെന്നും ഇത് വലിയ മാറ്റമുണ്ടാക്കിയെന്നുമാണ് സംസ്ഥാന നേതാക്കളുടെ പ്രതികരണം. വരാനിരിക്കുന്ന സംസ്ഥാന, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ വൻസാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന സാഹചര്യം കൂടി മുന്നിൽ കണ്ടാണ് കരുതൽ.

പുതുക്കിപണിത സംസ്ഥാന കമ്മിറ്റി ഓഫീസായ എം എൻ സ്മാരകമന്ദിരത്തിൽ പത്തു മുറികളാണുള്ളത്. ഇതിൽ എട്ടു മുറികളും ദിവസ വാടകയ്ക്കാണ് പ്രവർത്തകർക്കും നേതാക്കൾക്കും നൽകുന്നത്. മുതിർന്ന അംഗമായ പന്ന്യൻ രവീന്ദ്രനും ഓഫീസ് സെക്രട്ടറിക്കും മാത്രമാണ് സൗജന്യമായി മുറികൾ. സംസ്ഥാന സെക്രട്ടറിക്ക് ഒരു മുറി ഉപയോഗിക്കാമെങ്കിലും ബിനോയ് വിശ്വം മകളുടെ വീട്ടിലാണ് താമസം.

പാർട്ടി നേതാക്കളായ എംഎൽഎമാർ ഗസ്റ്റ് ഹൗസ് ഉപയോഗിക്കണമെന്നുള്ള നിർദേശവും ഇതോടൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന നേതാക്കൾ ചെലവുചുരുക്കൽ നടപടികൾ കർശനമായി നടപ്പാക്കിയതോടെ താഴേത്തട്ടിലും സമാന തീരുമാനങ്ങളുണ്ടാകും.

രാജ്യസഭാംഗങ്ങളായ പി സന്തോഷ് കുമാർ, പി പി സുനീർ എന്നിവർക്ക് എം പി എന്ന നിലയിലുള്ള വാഹനമുണ്ട്. എന്നാൽ മുതിർന്ന നേതാവും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാവുമായ കെ പ്രകാശ് ബാബുവിനടക്കം ആർക്കും കാർ ഉപയോഗിക്കാൻ നൽകുന്നില്ല. അദ്ദേഹത്തിന് ഓഫീസിൽ മുറിയും അനുവദിച്ചിട്ടില്ല. മുറി ആവശ്യമെങ്കിൽ നേതാക്കൾ വാടകനൽകി ഉപയോഗിക്കണമെന്ന നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതോടെ ഒരു വിഭാഗം നേതാക്കൾ കടുത്ത ആശങ്കയിലാണ്.

Story Highlights : cpi expenditure restrictions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here