Advertisement

‘മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥ കണ്ട് തിലകന്‍ മുകളില്‍ നിന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവും, സത്യം പുറത്തു വരും, അന്ന് പല മുഖം മൂടികളും പിച്ചി ചീന്തപ്പെടും’; സംവിധായകൻ വിനയന്‍

April 18, 2025
2 minutes Read

ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് സിനിമാ സംഘടനകൾക്ക് പരാതി നൽകിയതിന് പിന്നാലെ പ്രതികരണമായി സംവിധായകൻ‌ വിനയൻ. സെറ്റിൽ വെച്ച് പ്രധാന നടൻ ലഹരിമരുന്ന് ഉപയോ​ഗിച്ച് മോശമായി പെരുമാറിയെന്ന് വിൻസി വെളിപ്പെടുത്തിയിരുന്നു.

എന്നാൽ പേര് താരം വെളിപ്പെടുത്തിയിരുന്നില്ല. സിനിമ ,സംഘടനകളിൽ പരാതി നൽകിയതിന് പിന്നാലെ ഷൈൻ ടോം ചാക്കോയാണ് വിൻസി പറഞ്ഞ വ്യക്തി എന്ന് പുറത്തായി. നിലവിൽ ഷൈനിനെതിരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഈയൊരു അവസ്ഥയിലാണ് വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്.

2010 മുതൽ മഹാനടൻ തിലകനെ സിനിമയിൽ നിന്നും വിലക്കി മാറ്റി നിർത്തിയത് മയക്കുമരന്നുപയോഗിച്ചതിനല്ല, അഭിനയിക്കുന്ന നടിയോട് മോശമായി പെരുമാറിയതിനുമല്ല.. “ചില സിനിമാ സംഘടനകൾ മാഫിയകളെ പോലെ പെരുമാറുന്നു” എന്നു പറഞ്ഞതിനാണ് ആ മനുഷ്യനെ നമ്മുടെ സിനിമാ സംഘടനകൾ ആത്മരോഷത്തോടെയും ആവേശത്തോടെയും ശിക്ഷിച്ചതെന്ന് വിനയൻ കുറിച്ചു.

ഒരുത്തൻ മയക്കുമരുന്നടിച്ചിട്ട് സിനിമാ സെറ്റിൽ വച്ച് തന്നെ അപമാനിച്ചു, വെളുത്തപൊടി വായീന്ന് തുപ്പുന്നതു കണ്ടു എന്നൊക്കെ പരസ്യമായി പറയാനും അയാളുടെ പേരും സിനിമാ സെറ്റിന്റെ പേരും വരെ എഴുതി സംഘടനകളായ സംഘടനകൾക്കൊക്കെ പരാതി കൊടുക്കാനും ധൈര്യം കാണിച്ച ഒരു യുവനടി ഇന്നാ പരാതി പിൻവലിക്കാൻ കാണിക്കുന്ന പെടാപ്പാടും മലയാള സിനിമ നമ്പർ വൺ ആണന്ന് തന്നെ കാണിക്കുന്നതാണെന്ന് വിനയൻ പറഞ്ഞു.

വിനയന്റെ പോസ്റ്റ് ഇങ്ങനെ

‘2010 മുതല്‍ മഹാനടന്‍ തിലകനെ സിനിമയില്‍ നിന്നും വിലക്കി മാറ്റി നിര്‍ത്തിയത് മയക്കുമരന്നുപയോഗിച്ചതിനല്ല. കൂടെ അഭിനയിക്കുന്ന നടിയോട് മോശമായി പെരുമാറിയതിനുമല്ല. ‘ചില സിനിമാ സംഘടനകള്‍ മാഫിയകളെ പോലെ പെരുമാറുന്നു’ എന്നു പറഞ്ഞതിനാണ് ആ മനുഷ്യനെ നമ്മുടെ സിനിമാ സംഘടനകള്‍ ആത്മരോഷത്തോടെയും ആവേശത്തോടെയും ശിക്ഷിച്ചത്.നാടു മുടിഞ്ഞു പോകുന്നതും മലയാള സിനിമയെ നശിപ്പിക്കുന്നതുമായ ക്രിമിനല്‍ പ്രവര്‍ത്തിയാണല്ലോ തിലകന്‍ ചേട്ടന്‍ അന്നു ചെയ്തത്. അല്ലേ.? ആ വിലക്കിന്റെ വേദനയോടെ തന്നെ ഈ ഭൂമിയില്‍ നിന്നു വിടവാങ്ങിയ ആ കലാകാരന്റെ ആത്മാവ് ഇന്നത്തെ മലയാളസിനിമയുടെ അവസ്ഥയെ നോക്കി പൊട്ടിച്ചിരിക്കുന്നുണ്ടാകണം.

ഒരുത്തന്‍ മയക്കുമരുന്നടിച്ചിട്ട് സിനിമാ സെറ്റില്‍ വച്ച് തന്നെ അപമാനിച്ചു. വെളുത്തപൊടി വായീന്ന് തുപ്പുന്നതു കണ്ടു എന്നൊക്കെ പരസ്യമായി പറയാനും അയാടെ പേരും സിനിമാ സെറ്റിന്റെ പേരും വരെ എഴുതി സംഘടനകളായ സംഘടനകള്‍ക്കൊക്കെ പരാതി കൊടുക്കാനും ധൈര്യം കാണിച്ച ഒരു യുവനടി ഇന്നാ പരാതി പിന്‍വലിക്കാന്‍ കാണിക്കുന്ന പെടാപ്പാടും മലയാള സിനിമ നമ്പര്‍ വണ്‍ ആണന്നു തന്നെ കാണിക്കുന്നതാണ്.ഇതിനു മുന്‍പ് ഇവരേക്കാള്‍ പ്രഗത്ഭരായ മൂന്നാലു നടിമാര്‍ വിസില്‍ ബ്ലോവേഴ്‌സ് ആകാന്‍ വന്നതും അവരെ പണിയില്ലാതെ പരണത്തു കയറ്റി ഇരുത്തിയതും ഒക്കെ ഈ യുവനടിയും ഓര്‍ത്തുപോയിക്കാണും. മലയാള സിനിമയെ രക്ഷിക്കാനായി കൊട്ടി ഘോഷിച്ചുവന്ന ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശക്തമായ മൊഴികൊടുത്തവരെന്നു വാഴ്ത്തപ്പെട്ടവരെ മുഴുവനും സ്വാധീനിക്കാനോ വിലക്കെടുക്കാനോ സാധിച്ചതും അതുവഴി അന്വേഷണത്തെയും കോടതിയെയും ഒക്കെ മരവിപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞതും ഒക്കെ ഒരു മഹാനടനം തന്നെ അല്ലേ?.പ്രേക്ഷകര്‍ക്കതു നോക്കി നില്‍ക്കാനല്ലേ കഴിയു. സര്‍ക്കാരാണെങ്കില്‍ ഇതിഹാസങ്ങള്‍ക്ക് മുന്നില്‍ കണ്ണഞ്ചി നില്‍ക്കുന്നൂ. പക്ഷേ സത്യത്തെ സ്വര്‍ണ്ണപ്പാത്രം കൊണ്ടു മൂടിയാലും അതു പുറത്തുവരും എന്ന ക്ലീഷെ വാക്കുണ്ടല്ലോ. അതിവിടെ യാഥാര്‍ത്ഥ്യമാകും ഉറപ്പാണ്. അന്നു പല മുഖം മൂടികളും പിച്ചി ചീന്തപ്പെടും.

Story Highlights : Director vinayan against shine tom chacko

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top