ഷൈൻ ടോം ചാക്കോ നാളെ ഹാജരാകണം; നോട്ടീസ് നൽകി പൊലീസ്

കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഹോട്ടൽ മുറിയിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ നാളെ പൊലീസിന് മുന്നിൽ ഹാജരാകണം. സെൻട്രൽ എസിപി ഇതുമായി ബന്ധപ്പെട്ട് നടന് നോട്ടീസ് അയച്ചു. നാളെ രാവിലെ 10 മണിക്ക് എറണാകുളം സെൻട്രൽ എ സി പി ക്ക് മുൻപിൽ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈൻ നേരിട്ട് ഹാജരാകേണ്ടത്. അതിന് ശേഷമായിരിക്കും വിശദമായ ചോദ്യം ചെയ്യൽ.
നിലവിൽ ഷൈൻ തമിഴ്നാട്ടിലാണ് ഉള്ളത്. ഇന്ന് വൈകീട്ടോടുകൂടി ഷൈൻ ടോം ചാക്കോ തൃശൂരിലുള്ള വീട്ടിലെത്തുമെന്നാണ് റിപ്പോർട്ടുകൾ . പ്രധാനമായും 2 ചോദ്യങ്ങളാകും പൊലീസ് നടനോട് ചോദിക്കുക. അതിൽ ആദ്യത്തേത് ലഹരി കൈവശം ഉള്ളതുകൊണ്ടാണോ പരിശോധന നടക്കുമ്പോൾ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയത്, അതോ നേരെത്തെ ലഹരി ഉപയോഗിച്ചതിൽ വൈദ്യ പരിശോധന ഉണ്ടാകുമോ എന്ന ആശങ്കയിലാണോ ഓടിയത് തുടങ്ങിയ കാര്യങ്ങളിലാകും പൊലീസ് വ്യക്തത വരുത്തുക.
Read Also: സമരത്തിലിരിക്കുന്ന വനിതാ CPO ഉദ്യോഗാർത്ഥികൾക്ക് ജോലി വാഗ്ദാനവുമായി കേരള കൗൺസിൽ ഓഫ് ചർച്ചസ്
എന്നാൽ ഷൈൻ ഹോട്ടൽ മുറിയിൽ ലഹരി ഉപയോഗിച്ചിരുന്നു എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. മദ്യ കുപ്പി മാത്രമാണ് മുറിയിൽ നിന്ന് പൊലീസിന് കിട്ടിയിരുന്നത്. ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നിലവിൽ കേസും പരാതിയും ഇല്ല. എങ്കിലും ലഹരി പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞ നടന്റെ നീക്കത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകി വിളിച്ചുവരുത്തുന്നത്.
നഗരത്തിലെ പ്രധാന ലഹരി വിൽപ്പനക്കാരനെ തേടിയാണ് പൊലീസ് ഷൈൻ ടോം ചക്കോയുടെ ഹോട്ടൽ മുറിയിൽ പരിശോധനയ്ക്ക് എത്തിയത്. നടന്റെ മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ ഷൈനെതിരെ പൊലീസ് കേസ് എടുക്കില്ല. എക്സൈസും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights : Shine Tom Chacko to appear tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here