SKN 40 കേരള യാത്ര; കാസർഗോഡ് ജില്ലയിലെ പര്യടനം സമാപിച്ചു

ലഹരിക്കും അക്രമത്തിനും എതിരെ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN ഫോർട്ടി കേരള യാത്രയുടെ കാസർഗോഡ് ജില്ലയിലെ പര്യടനം സമാപിച്ചു. നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ നിന്നാരംഭിച്ച മോർണിംഗ് ഷോ ലഹരി വിരുദ്ധ പ്ലക് കാർഡുകളും കലാപരിപാടികളുമായി കെങ്കേമമായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ യാത്രയ്ക്ക് ആശംസകൾ നേർന്നു.
തേജ്വസിനി ക്ലബിന്റെ ബാൻഡ് വാദ്യം. യാത്രയെ ആവേശോജ്വലമാക്കി കയ്യൂരിലെ അമ്മമ്മക്കൂട്ടത്തിന്റെ ലഹരിവിരുദ്ധ പാട്ടുമായുള്ള നൃത്തം. ഷാൾ അണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും ട്വന്റി ഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായരെ ഹൃദയത്തോടു ചേർത്തു കാസർഗോഡൻ ജനത.
മോർണിംഗ് ഷോയ്ക്കിടെ തേജ്വസിനി പുഴയിലൂടെ ഹൗസ് ബോട്ട് യാത്ര. ഹൗസ് ബോട്ടിൽ പാട്ടും നൃത്തവുമായി സിനിമ താരങ്ങളായ പിപി കുഞ്ഞികൃഷ്ണൻ, ഉണ്ണിരാജ, അഡ്വക്കറ്റ് ഷുക്കൂർ, അഡ്വക്കേറ്റ് ഗംഗാധരൻ തുടങ്ങിയവരും പാട്ടുകാരൻ സുരേഷ് പള്ളിപ്പാറയും. ലഹരിവിരുദ്ധ സന്ദേശവുമായി ആർ ശ്രീകണ്ഠൻ നായർ നടത്തുന്ന കേരള യാത്രയെ കാസർഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ പ്രശംസിച്ചു. കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ നടന്ന പരിപാടിയിൽ മുൻസിപ്പാലിറ്റിക്ക് കീഴിലെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് എസ്കെഎൻ ഉപഹാരം സമ്മാനിച്ചു.
എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസ കേന്ദ്രത്തിലേക്ക് എത്തിയ ശ്രീകണ്ഠൻ നായരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. കാസർഗോഡ് തനതു കലയായ അലാമിക്കളി കണ്ടതോടെ ട്വന്റിഫോർ സംഘത്തിനും കൗതുകം. തുടർന്ന് അമ്പലത്തറ സ്നേഹ വീട്ടിൽ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പാലക്കുന്നിൽ തച്ചങ്ങാട് ഗവണ്മെന്റ് ഹൈസ് സ്കൂളിലെ വിദ്യാർത്ഥികൾ യാത്രയ്ക്ക് സ്വീകരണം നൽകി. തുടർന്ന് ഉദുമ മുല്ലച്ചേരിയിൽ സുഭാഷ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടിയിലേക്കാണ് കേരളയാത്ര എത്തിയത്.
ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയാണ് മുല്ലച്ചേരിയിലെ പരിപാടി സമാപിച്ചത്. കാസർഗോഡ് നഗരത്തിൽ നെല്ലിക്കുന്ന് ബീച്ചിൽ സംഘടിപ്പിച്ച പരിപാടിയിൽ നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗത്തിന്റെ നേതൃത്വത്തിൽ എസ് കെ എന്ന് സ്വീകരണം നൽകി. ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനി, കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി കെ ഫൈസൽ എന്നിവർ യാത്രയ്ക്ക് ആശംസകൾ അർപ്പിച്ചു. നാളെ എസ് കെ എൻ നയിക്കുന്ന ലഹരി വിരുദ്ധ യാത്രയ്ക്ക് ഔദ്യോഗിക സമാപനം കുറിക്കും.
Story Highlights : SKN 40 Kerala Yatra Kasaragod district ends
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here