ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വമ്പന്‍ ജയം; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 39 റണ്‍സിന് തോല്‍പ്പിച്ചു

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വമ്പന്‍ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 39 റണ്‍സിന് തോല്‍പ്പിച്ചു. 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ പോരാട്ടം 159ല്‍ അവസാനിച്ചു. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
119 റണ്‍സ് എടുക്കുന്നതിനിടെ കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. അജിന്‍ക്യാ രഹാനെ അര്‍ധ സെഞ്ച്വറി നേടി. ആദ്യ ഓവറില്‍ തന്നെ റഹ്മാനുള്ള ഗുര്‍ബാസിന്റെ വിക്കറ്റ് ടീമിന് നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് അജിന്‍ക്യാ രഹാനെ – സുനില്‍ നരേന്‍ കൂട്ടുകെട്ടില്‍ 41 റണ്‍സ് ടീം കൂട്ടിച്ചേര്‍ത്തു. പവര്‍പ്ലേയില്‍ നരേന്‍ പുറത്തായി. റഷീദ് ഖാനാണ് വിക്കറ്റ് നേടിയത്. 17 റണ്‍സാണ് നരേന്‍ നേടിയത്. വെങ്കിടേഷ് അയ്യരുടെ വിക്കറ്റാണ് മൂന്നാമതായി നഷ്ടപ്പെട്ടത്. സായി കിഷോറിനായിരുന്നു വിക്കറ്റ്. പിന്നാലെ 50 റണ്‍സ് നേടിയ രഹാനെയെ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താക്കി. തുടര്‍ന്ന് റസലും റിങ്കുവും ചേര്‍ന്ന് 27 റണ്‍സ് നേടിയെങ്കിലും റാഷിദ് ഖാന്‍ റസലിനെ പുറത്താക്കി. പിന്നാലെ രമണ്‍ദീപിനെയും മോയിന്‍ അലിയെയും ഒരേ ഓവറില്‍ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഞെട്ടിച്ചു. ശേഷം ക്രീസിലുണ്ടായിരുന്നത് റിങ്കുവും ഇംപാക്ട് സബ് ആയി 9ാമനായി ഇറങ്ങിയ അംഗ്കൃഷ് രഘുവംശിയുമായിരുന്നു. ഈ കൂട്ടുകെട്ട് 16 പന്തില്‍ 32 റണ്‍സ് നേടി. അവസാന ഓവറില്‍ ഇഷാന്ത് ശര്‍മ റിങ്കുവിനെ പുറത്താക്കി ഈ കൂട്ടുകെട്ടിനും തടയിട്ടു. റിങ്കു 17 റണ്‍സ് നേടിയപ്പോള്‍ അംഗ്കൃഷ് രഘുവംശി 13 പന്തില്‍ 27 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 3 വിക്കറ്റ് നഷ്ടത്തിലാണ് 198 റണ്‍സെടുത്തത്. 90 റണ്‍സെടുത്ത നായകന്‍ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. സായ് സുദര്‍ശന്‍ 52ഉം ജോസ് ബട്‌ലര്‍ പുറത്താകാതെ 41 റണ്‍സുമെടുത്തു. ആറാം ജയത്തോടെ ഗുജറാത്ത് ഒന്നാം സ്ഥാനത്തെ ലീഡ് ഉയര്‍ത്തി.
Story Highlights : Gujarat Titans big win in IPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here