ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും നോട്ടീസ് അയക്കും

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും നോട്ടീസ് അയക്കും. പ്രതികൾക്ക് താരങ്ങളെ അറിയാം എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പ്രതികൾ താരങ്ങളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളും എക്സൈസിനു ലഭിച്ചു. അതേസമയം കേസിൽ മൂന്നു പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ലീമ സുൽത്താനെ അറിയാമെന്നാണ് കൊച്ചിയിൽ അന്വേഷണ സംഘത്തോട് ഷൈൻ ടോം ചാക്കോ പറഞ്ഞത്. എട്ടു വർഷത്തിലധികമായി ഷൈനുമായി ബന്ധമുണ്ടെന്നാണ് തസ്ലീമയുടെയും മൊഴി. സിനിമാ മേഖലയിൽ പലർക്കും ലഹരി വിതരണം ചെയ്തെന്നും തസ്ലീമ എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാതാരങ്ങളെ കൂടി ഉടൻ ചോദ്യം ചെയ്യാൻ എക്സൈസ് നീങ്ങുന്നത്.
Read Also: ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസ്; അന്വേഷണസംഘം യോഗം ചേരും; നടപടികൾ വേഗത്തിലാക്കാൻ സിനിമാ സംഘടനകൾ
അടുത്താഴ്ച നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് തീരുമാനം. സിനിമാ മേഖലയിൽ ലഹരി എത്തിച്ചു നൽകിയതിൽ പ്രധാനിയാണ് തസ്ലീമ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇക്കാര്യങ്ങളടക്കം താരങ്ങളിൽ നിന്ന് ചോദിച്ചറിയും. ഒപ്പം തസ്ലീമയടക്കം കേസിലെ മൂന്ന് പ്രതികളെ ഇന്ന് കസ്റ്റഡിയിൽ ലഭിക്കും. സിനിമാ മേഖലയിലെ തസ്ലീമയുടെ ബന്ധം അടക്കം ലഹരി ഇടപാടിന്റെ കൂടുതൽ കണ്ണികളെ പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് എക്സൈസ് സംഘത്തിന്റെ പ്രതീക്ഷ. പിടിയിലാകുന്നതിന് മുൻപും ഹൈബ്രിഡ് കഞ്ചാവ് താരങ്ങൾക്ക് നൽകിയോ എന്നും എക്സൈസ് സംശയിക്കുന്നുണ്ട്.
Story Highlights : Notices will be sent to Sreenath Bhasi and Shine Tom Chacko in Alappuzha hybrid cannabis case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here