‘പരിപാടികളിലേക്ക് ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുത്’: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി പത്രത്തിന്റെ താക്കീത്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ പരിപാടികളില്‍ ഇടിച്ചുകയറുന്നത് ട്രോള്‍ വിഡിയോ ആയ പശ്ചാത്തലത്തില്‍ നേതാക്കളെ വിമര്‍ശിച്ച് പാര്‍ട്ടി മുഖപത്രം വീക്ഷണം. വാര്‍ത്തകളില്‍ പേരും പടവും എങ്ങനെയും വരുത്തുകയെന്ന നിര്‍ബന്ധബുദ്ധി നേതാക്കള്‍ക്ക് വേണ്ട എന്നാണ് മുഖപ്രസംഗത്തിലൂടെ ഓര്‍മപ്പെടുത്തല്‍. പരിപാടികളിലേക്ക് ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുത്. പരിപാടി മഹത്തരമായിരുന്നാലും ഇത്തരക്കാര്‍ അതിനെ അപഹാസ്യമാക്കുന്നുവെന്നാണ് വീക്ഷണത്തിന്റെ മുഖപ്രസംഗത്തിലെ രൂക്ഷവിമര്‍ശനം. (veekshanam editorial criticize congress leaders)
ഇടിച്ചുകയറിയല്ല മുഖം കാണിക്കേണ്ടതെന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് സ്വന്തം നേതാക്കള്‍ക്കെതിരെ വിമര്‍ശനമുള്ളത്. കോഴിക്കോട് നടന്ന പൊതുപരിപാടിയിലേക്ക് കെ സി വേണുഗോപാലും വി ഡി സതീശനും കെ സുധാകരനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടിച്ചുകയറിയതും തിക്കിത്തിരക്കിയതുമായ വിഡിയോ സിപിഐഎം ഹാന്‍ഡിലുകള്‍ സിനിമാ ഡയലോഗുകള്‍ ചേര്‍ത്ത് ട്രോളുകളുണ്ടാക്കി പങ്കുവച്ചിരുന്നു. ഇത് വൈറലായ പശ്ചാത്തലത്തിലാണ് മുഖപത്രം നേതാക്കള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുന്നത്.
Read Also: ‘നിങ്ങൾ മുസ്ലിം കമ്മിഷണറായിരുന്നു’; എസ് വൈ ഖുറൈഷിക്കെതിരെ വിവാദ പരാമർശവുമായി നിഷികാന്ത് ദുബെ
ജനകീയ പരിപാടികളില്‍ നേതാക്കള്‍ സ്വയം നിയന്ത്രണവും അച്ചടക്കവും കാണിക്കാന്‍ മറക്കരുതെന്ന് മുഖപ്രസംഗം ഓര്‍മിപ്പിക്കുന്നു. ജനക്കൂട്ട പാര്‍ട്ടിയെന്നത് ജനാധിപത്യമായ വിശാലതയാണ്. അത് കുത്തഴിഞ്ഞ അവസ്ഥയാക്കരുത്. പരിപാടികള്‍ക്ക് പിന്നിലുള്ള അധ്വാനവും ത്യാഗവും ബൂത്ത് തലം മുതലുള്ള നേതാക്കള്‍ മനസിലാക്കി മാതൃകാപരമായി പെരുമാറണമെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.
Story Highlights : veekshanam editorial criticize congress leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here