‘അക്രമികളെ പിടികൂടി ശിക്ഷ ഉറപ്പാക്കണം, കശ്മീരികളുടെ ജീവിതം പൂർവസ്ഥിതിയിലേക്ക് കൊണ്ടു വരണം’: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം ഇന്ത്യയുടെ സ്വസ്ഥജീവിതത്തിനു നേർക്കുള്ള ഹീനമായ കടന്നുകയറ്റമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദസഞ്ചാരികൾ വന്നുചേരുന്ന സമയമാണ് ആക്രമണത്തിന് തിരഞ്ഞെടുത്തത്. ജനങ്ങളെ ഭയപ്പെടുത്തി കശ്മീരിലേക്കുള്ള ഒഴുക്ക് തടയുകയും സമാധാനാന്തരീക്ഷം തകർത്ത് പ്രശ്‌നകലുഷമായ ജീവിതത്തിലേക്ക് കശ്മീരികളെ തള്ളി വിടുകയുമാണ് ഈ ആക്രമണത്തിന്റെ ലക്ഷ്യം.
ഭീകരതക്ക് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയില്ല. ഇത്തരം പ്രവണതകൾക്ക് മുമ്പിൽ രാജ്യം മുട്ടു മടക്കിയിട്ടില്ല. അക്രമികളെ പിടികൂടി ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കശ്മീരികളുടെ ജീവിതം പൂർവസ്ഥിതിയിലേക്ക് എളുപ്പം തിരിച്ചുകൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളുമുണ്ടാകണം. ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തുന്നതായും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഗ്രാൻഡ് മുഫ്തി പറഞ്ഞു.
അതേസമയം പഹൽഗാമിൽ 26 നിരപരാധികളെ കൊന്നൊടുക്കിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം. നാല് ഭീകരരുടെ രേഖാചിത്രമാണ് പുറത്ത് വിട്ടത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നാണ് അന്വേഷണ സംഘം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
പഹൽഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ ലഷ്ക്കർ ഇ ത്വയ്ബയുടെ കൊടും ഭീകരൻ സൈഫുള്ള കസൂരിയെന്ന് വിവരം. പാകിസ്താനിൽ ഇരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നും രഹസ്യാന്വേഷണ വിവരം. കാശ്മീരിൽ പോയി ഭീകര പരിശീലനം നേടിയവരാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം.
Story Highlights : Kanthapuram condemns pahalgam terrorist attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here