ടെസ്ലയുടെ ലാഭം കുത്തനെ ഇടിഞ്ഞു; പിന്നാലെ യുഎസ് കാര്യക്ഷമത വിഭാഗത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച് മസ്‌ക്

യുഎസ് സര്‍ക്കാരിന്റെ കാര്യക്ഷമത വിഭാഗമായ ഡോജിന്റെ ചുമതലയില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് അറിയിച്ച് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. ടെസ്ലയുടെ ലാഭത്തില്‍ 71 ശതമാനം ഇടിവുണ്ടായ പശ്ചാത്തലത്തിലാണ് മസ്‌കിന്റെ പ്രഖ്യാപനം. നിക്ഷേപകരുമായുള്ള ഒരു മീറ്റിംഗിലാണ് താന്‍ ഡോജിലെ പ്രധാന ചുമതലകള്‍ അടുത്ത മാസം വേണ്ടെന്ന് വയ്ക്കുകയാണെന്ന് മസ്‌ക് അറിയിച്ചത്. ( Musk promises he’s ready to step away from role at DOGE)
2025ലെ ആദ്യപാദത്തില്‍ ടെസ്ലയുടെ വരുമാനത്തില്‍ 9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 21.45 ബില്യണ്‍ ഡോളര്‍ വരുമാനം പ്രതീക്ഷിച്ചിടത്ത് 19.3 ബില്യണ്‍ ഡോളര്‍ മാത്രമാണ് ടെസ്ലയ്ക്ക് നേടാന്‍ സാധിച്ചത്. വാഹനങ്ങള്‍ ഡെലിവര്‍ ചെയ്യുന്നതില്‍ 13 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025ലെ ആദ്യപാദത്തില്‍ ടെസ്ലയ്ക്ക് ഡെലിവര്‍ ചെയ്യാന്‍ സാധിച്ചത് 336681 വാഹനങ്ങളാണ്. 2022ന് ശേഷമുള്ള ടെസ്ല കമ്പനിയുടെ ഏറ്റവും മോശം പ്രകടനമാണിത്.
ട്രംപിന്റെ ഇറക്കുമതി തീരുവ യുദ്ധം മുതല്‍ ട്രംപും മസ്‌കും തമ്മിലുള്ള അടുത്ത ബന്ധം വരെയും ഡോജിലെ മസ്‌കിന്റെ പ്രവര്‍ത്തനങ്ങളും ടെസ്ലയുടെ വ്യാപാരത്തെ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ വ്യാപാരനയങ്ങള്‍ തിരിച്ചടിയായെങ്കിലും ട്രംപിന്റെ താരിഫ് യുദ്ധത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ മസ്‌ക് തയ്യാറായിട്ടില്ല. എന്നിരിക്കിലും ട്രംപ് ഭരണകൂടത്തില്‍ നിന്ന് അകലം പാലിക്കാനാണ് മസ്‌കിന്റെ ആലോചനയെന്നാണ് ടെസ്ലയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Story Highlights : Musk promises he’s ready to step away from role at DOGE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here