‘200 കുതിരകൾ സ്പീഡിൽ താഴേക്ക് വന്നു; മഞ്ജുനാഥിന്റെ ഭാര്യ കരഞ്ഞുകൊണ്ട് പോകുന്നതും കണ്ടു; രക്ഷപെട്ടത് തലനാരിഴയ്ക്ക് ‘ ; നടുക്കുന്ന അനുഭവം വിവരിച്ച് മലയാളികൾ

പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് നിരവധി വിനോദസഞ്ചാരികൾ ശ്രീനഗറിൽ കുടുങ്ങി. കേരളത്തിൽ നിന്ന് യാത്ര പോയവരിൽ പലരും യാത്ര അവസാനിപ്പിച്ച് മടങ്ങുകയാണ് എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാണ് ശ്രീനഗറിലും സമീപപ്രദേശത്തും കുടുങ്ങിയവരുടെ അഭ്യർത്ഥന.
മുക്കത്തുനിന്ന് യാത്രപോയ 51 അംഗസംഘം ശ്രീനഗറിൽ തുടരുകയാണ്. കശ്മീരിലേക്ക് യാത്രപോയ സംഘത്തിലെ കോഴിക്കോട് മുക്കം സ്വദേശി ഹക്കിം ട്വന്റിഫോറിനോട് വിവരങ്ങൾ പങ്കുവച്ചത് ഞെട്ടലോടെയാണ്. ഇന്ന് ആറുമണിക്ക് ശേഷമായിരുന്നു അങ്ങോട്ടുള്ള ഷെഡ്യൂളെന്നും ഇന്നലെ വിവരമറിഞ്ഞതോടെ പഹൽഗാമിലേക്കുള്ള യാത്ര റദ്ദിക്കിയെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ പൊലീസ് ഓഫിസർ റസാഖും സംഘത്തിലുണ്ടായിരുന്നു.
പഹൽഗാമിലെത്തിയപ്പോഴാണ് ആക്രമണത്തിന്റെ വിവരങ്ങൾ അറിഞ്ഞതെന്ന് കണ്ണൂർ സ്വദേശി ലാവണ്യ പറഞ്ഞു. രക്ഷപെട്ടത് തലനാരിഴക്കക്കെന്നും ലാവണ്യ ഞെട്ടലോടെ ഓർക്കുന്നു. വാലി കയറിക്കൊണ്ടിരിക്കുമ്പോൾ അവിടെയുള്ള ഹോഴ്‌സ് റൈഡേഴ്‌സും വണ്ടികളുമൊക്കെ തിരിച്ചു വരുന്നുണ്ടായിരുന്നു. പത്തിരുന്നൂറ് കുതിരകൾ വേഗത്തിൽ താഴേക്ക് വരികയായിരുന്നു. അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്നാൽ ഭാഷ ഞങ്ങൾക്ക് മനസിലായില്ല. ഇന്നലെ മരിച്ച മഞ്ജുനാഥിന്റെ ഭാര്യ കരഞ്ഞുകൊണ്ട് പോകുന്നതും കണ്ടു. എന്തോ പറ്റിയിട്ടുണ്ടെന്ന് അതോടെ തോന്നി – ലാവണ്യ വ്യക്തമാക്കി.
Read Also: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; പി. വി അന്‍വറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ
ആക്രമണത്തിന്റെ വാർത്ത അറിഞ്ഞതുമുതൽ കുടുംബം ഭീതിയിലാണ്. യാത്ര അവസാനിപ്പിച്ച് മടങ്ങുകയാണെന്ന് തിരൂർ സ്വദേശ് അബു താഹിർ പറയുന്നു. മനസിലാകെ പേടിയാണ്. ആ സമയത്ത് പഹൽഗാമിൽ തന്നെയായിരുന്നു ഉണ്ടായിരുന്നു – അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ വരാപ്പുഴയിൽ നിന്ന് പോയ 28 അംഗസംഘത്തിനൊപ്പമായിരുന്നു കൊല്ലപ്പെട്ട രാമചന്ദ്രനും കുടുംബവും ഹൈദരാബാദിൽ നിന്ന് ചേർന്നത്. തങ്ങളുടെ ഫ്‌ളൈറ്റിൽ രാമചന്ദ്രനും കുടുംബവുമുണ്ടായിരുന്നുവെന്നും അവർ വേറെ ട്രാവൽ ഏജൻസിയുടെ കൂടെയായിരുന്നുവെന്നും ഇവർ പറയുന്നു.
കലൂരിൽ നിന്ന് പുറപ്പെട്ട എറണാകുളം സ്വദേശികളായ 28പേർ ശ്രീനഗറിൽ കുടുങ്ങി. നാട്ടിലെത്താൻ വേണ്ട സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് സംഘം ഹൈബി ഈഡൻ എംപിയുമായി ബന്ധപ്പെട്ടു. ഇവരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഹൈബി ഈഡൻ പറഞ്ഞു.
തലശേരി സ്വദേശി ആഷിക് ഉൾപ്പെടെ 48 സംഘമാണ് പഹൽഗാമിലേക്ക് യാത്രപോയത്. അങ്ങോട്ടേക്ക് കുതിര സവാരിയിൽ പോകാനിരിക്കുകയായിരുന്നുവെന്നും പിന്നീട് പെട്ടന്ന് അത് ക്യാൻസൽ ചെയ്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും ആഷിക് പറയുന്നു.
Story Highlights : Pahalgam terrorist attack: Malayalis share their shocking experience
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here