ജമ്മു കശ്മീരിൽ പോകാനുള്ള ആളുകളുടെ ഭീതി മാറ്റണം, മേഖലയിൽ സൈന്യം ഉണ്ടാകാതിരുന്നത് എന്തുകൊണ്ട്?; ഹാരിസ് ബീരാൻ

പഹൽഗാം ആക്രമണത്തിൽ പ്രതികരിച്ച് മുസ്‍ലിം ലീഗിന്റെ രാജ്യസഭ എം.പി ഹാരീസ് ബീരാൻ.
ഏപ്രിൽ 20ന് മുൻപ് ബൈസരൻ താഴ്വര തുറന്നത് സുരക്ഷാസേനയുടെ അറിവോടെയല്ലെന്നാണ് കേന്ദ്രം പറയുന്നതെന്ന് ഹാരീസ് ബീരാൻ അറിയിച്ചു. അന്വേഷണം സംബന്ധിച്ച വിവരങ്ങൾ രാജ്യത്തെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സേനയിൽ അംഗബലം കുറവായത് കൊണ്ടാണോ മേഖലയിൽ സൈന്യം ഉണ്ടാകാതിരുന്നതെന്നും ഹാരീസ് ബീരാൻ സംശയം ഉന്നയിച്ചു. ജമ്മു കശ്മീരിൽ പോകാനുള്ള ആളുകളുടെ ഭീതി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രവും പ്രതിക്ഷ പാർട്ടികളും പങ്കെടുത്ത സർവകക്ഷി യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്രം തുടർ നടപടികളെ സംബന്ധിച്ച് യോഗത്തിൽ കൃത്യമായ മറുപടി നൽകിയില്ല. ഇതുവരെ സ്വീകരിച്ച നടപടികളാണ് പ്രതിരോധ മന്ത്രി യോഗത്തിൽ വിശദീകരിച്ചത്. സുരക്ഷാവീഴ്ച സംഭവിച്ചതാണോയെന്ന കാര്യം പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റുകൾ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു. നാളെ ആരംഭിക്കാനിരുന്ന റാലിയാണ് മാറ്റിവെച്ചത്. 27 മുതൽ പിസിസികളുടെ നേതൃത്വത്തിൽ റാലി ആരംഭിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ എത്തും. നാളെയാണ് സന്ദർശനം. അനന്ത്നാഗിൽ പരിക്കേറ്റ വരെ രാഹുൽ ഗാന്ധി സന്ദർശിക്കും. നാളെ രാവിലെ 11 മണിയോടെ രാഹുൽ അനന്ത്നാഗിലെത്തും.
Story Highlights : Haris beeran about Pahalgam Terror Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here