ജയിലർ 2 വിൽ രജനികാന്തിനൊപ്പം ഫഹദ് ഫാസിലോ?

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. നിലവിൽ ചെന്നൈയിൽ വെച്ച് നടക്കുന്ന ചിത്രീകരണത്തിൽ രജനികാന്തിനും സംഘത്തിനുമൊപ്പം ഫഹദ് ഫാനിൽ പങ്കുചേർന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിനുമുൻപ് ഇരുവരും ഒന്നിച്ചത് ടി.ജെ ഗണവേൽ സംവിധാനം ചെയ്ത വേട്ടൈയ്യനിൽ ആയിരുന്നു. ചിത്രത്തിന് വലിയൊരു വിജയം നേടാനായില്ലെങ്കിലും രജനിയെയും ഫഹദിനെയും ഒരുമിച്ച് കണ്ട സീനുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഫഹദ് ഫാസിലിനെ ജയിലർ 2 വിൽ വില്ലൻ വേഷത്തിലാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ആരാധകർ പ്രതികരിക്കുന്നത്.
രണ്ടാഴ്ച മുൻപ് ജയിലറിന്റെ ചിത്രീകരണത്തിനായി രജനികാന്തും സംവിധായകൻ നെൽസണും കേരളത്തിലെത്തിയിരുന്നു. അട്ടപ്പാടിയിൽ വെച്ചായിരുന്നു ചിത്രത്തിലെ പ്രധാനപ്പെട്ട ചില സീനുകൾ ചിത്രീകരിച്ചത്. ജയിലറിൽ വിനായകനാണ് ഏറെ ശ്രദ്ധ നേടിയതെങ്കിൽ, രണ്ടാം ഭാഗത്തിൽ ചെമ്പൻ വിനോദാണ് ശ്രദ്ധേയമായ മറ്റൊരു മലയാളി സാന്നിധ്യം.
അനിരുദ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് വിജയ് കാർത്തിക്ക് കണ്ണൻ ആണ്. ജയിലറിലെ പോലെ രണ്ടാം ഭാഗത്തിലും മോഹൻലാൽ. ശിവരാജ് കുമാർ എന്നിവരുടെ അതിഥി വേഷങ്ങൾ ഉണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ചിത്രം 2025 അവസാനത്തോടെ റിലീസ് ചെയ്യും.
Story Highlights :Fahadh Fazil will star with Rajinikanth in jailer 2
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here