എന്തൊരു റിയാക്ഷന്‍!; രവീന്ദ്ര ജഡേജയുടെ ക്യാച്ച് ഹര്‍ഷല്‍ പട്ടേല്‍ നഷ്ടപ്പെടുത്തുമ്പോള്‍ ഗ്യാലറിയില്‍ കാവ്യമാരന്റെ പ്രതികരണം വൈറല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിനിടെ രവീന്ദ്ര ജഡേജയെ പുറത്താക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തിയപ്പോള്‍ ടീം ഉടമ കാവ്യ മാരന്റെ ഭാവപ്രകടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മത്സരം ആവേശകരമായി മുന്നേറവെ ഏഴാം ഓവറില്‍ സീഷന്‍ അന്‍സാരിയുടെ പന്തില്‍ ലോംഗ് ഓഫില്‍ ഹര്‍ഷല്‍ പട്ടേലിന് നേരെ മുമ്പിലേക്ക് എത്തിയ പന്ത് ഒരു ‘സിമ്പിള്‍ ക്യാച്ചി’ലൂടെ കൈപ്പിടിയിലൊതുക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ലളിതമായ ക്യാച്ച് കൈവിട്ടപ്പോള്‍ രവീന്ദ്ര ജഡേജക്ക് രണ്ടാം അവസരമായി അത് മാറി. ചെന്നൈ ആരാധകരുടെ ആവേശം സ്റ്റേഡിയത്തില്‍ അലതല്ലുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരന്‍ കടുത്ത നിരാശയിലേക്കാണ് പോയത്. നിലവിളിക്കുന്നത് പോലെ നില്‍ക്കുന്ന കാവ്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടതോടെ തന്റെ ടീമിനോടുള്ള അവരുടെ ആത്മബന്ധം ആഴത്തിലുള്ളതാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. നിരവധി പേരാണ് പിന്തുണയുമായി കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
എസ്ആര്‍എച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടി ചെപ്പോക്കിലെ ചരിത്രം തിരുത്തിയെങ്കിലും ഏറ്റവും പ്രധാനപ്പെട്ട വിക്കറ്റുകള്‍ നേടാന്‍ ലഭിക്കുന്ന അവസരം കളഞ്ഞുകുളിക്കരുതെന്ന സന്ദേശം കൂടി വീഡിയോ കാവ്യമാരന്‍ തന്റെ പ്രതികരണത്തിലൂടെ നല്‍കുന്നു. അഞ്ച് വിക്കറ്റുകളും എട്ട് പന്തുകളും ബാക്കി നില്‍ക്കെയായിരുന്നു സണ്‍റൈസേഴ്സ് 155 റണ്‍സ് എന്ന വിജയലക്ഷ്യം തൊട്ടത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് 19.5 ഓവറില്‍ 154 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ സിഎസ്‌കെയ്ക്കായി ഏറെ പ്രതീക്ഷയോടെ കളിച്ച ഡെവാള്‍ഡ് ബ്രെവിസ് 25 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും നാല് കൂറ്റന്‍ സിക്സറുകളും ഉള്‍പ്പെടെ 42 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ഓപ്പണര്‍ ആയുഷ് മാത്രെ 19 പന്തില്‍ നിന്ന് ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 30 റണ്‍സ് നേടി മികച്ച തുടക്കം നല്‍കി. എന്നാല്‍ റണ്‍സ് റേറ്റ് ഈ വിധം കൊണ്ടു പോകുന്നതില്‍ പിന്നീട് ക്രീസിലെത്തിയ താരങ്ങള്‍ പരാജയപ്പെട്ടു. നാല് ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി ഹര്‍ഷല്‍ പട്ടേലാണ് ഹൈദരാബാദിനായി മികച്ച പ്രകടനം കാഴ്ചവച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here