ഡൽഹിയിലുള്ള 5,000 പാകിസ്താൻ പൗരന്മാരെ തിരിച്ചറിഞ്ഞു, രാജ്യം വിടാൻ നിർദേശം നൽകും

പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ 5000 ത്തോളം പാകിസ്താൻ പൗരന്മാർ ഉള്ളതായി വിവരം. പൊലീസ് പട്ടിക തയ്യാറാക്കി. ഇവരോട് ഉടൻ രാജ്യം വിടാൻ നിർദ്ദേശം നൽകും. പാക് പൗരന്മാരുടെ പട്ടിക ഇന്റലിജൻസ് ബ്യൂറോ (ഐബി) ഡൽഹി പൊലീസിന് കൈമാറി. ഇവർ നാട്ടിലേക്ക് മടങ്ങുന്നത് ഉറപ്പാക്കാനാണ് ഇത്. ANI യുൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.
പട്ടിക ബന്ധപ്പെട്ട ജില്ലയ്ക്ക് പരിശോധനയ്ക്കായി കൈമാറിയിട്ടുണ്ടെന്നും പാക് പൗരന്മാരോട് അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐ ബി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഡൽഹിയിൽ താമസിക്കുന്ന പാക് പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും എത്രയും വേഗം ഇന്ത്യ വിടാൻ ആവശ്യപ്പെടാനും ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ചിലെയും ഇന്റലിജൻസ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അതേസമയം പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ഉണ്ടായിരുന്ന ആയിരം പാക് പൗരന്മാരോട് തിരികെ മടങ്ങാൻ ആവശ്യപ്പെട്ടു. 5000 പാക് പൗരന്മാരാണ് സംസ്ഥാനത്ത് ആകെയുണ്ടായിരുന്നത്. ഇവരിൽ 4000 പേർ സംസ്ഥാനത്ത് തുടരുമെന്നാണ് വിവരം.
ഹ്രസ്വകാല വീസയിൽ ഇന്ത്യയിലെത്തിയവരോടാണ് മടങ്ങാൻ നിർദ്ദേശിച്ചത്. സന്ദർശക വീസയിലും മെഡിക്കൽ വീസയിലും ഇന്ത്യയിലെത്തിയവരാണ് ഇവർ. മറ്റുള്ളവർ എട്ട് മുതൽ പത്ത് വർഷം വരെയായി ഇന്ത്യയിൽ കഴിയുന്നവരാണ്. ഇന്ത്യാക്കാരായ ജീവിത പങ്കാളികളുള്ള ഇവരുടെ പാക് പാസ്പോർട് പൊലീസിൽ സറണ്ടർ ചെയ്തിരിക്കുകയാണ്. ഇവർ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചിട്ടുമുണ്ട്.
Story Highlights : Intelligence Bureau Shares List of 5000 Pakistani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here