തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയോട് അതിക്രമം; ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. ഓര്‍ത്തോപീഡിക്‌സ് വിഭാഗം ജീവനക്കാരന്‍ ദില്‍കുമാറാണ് (52) അറസ്റ്റിലായത്. പ്രതിയെ ആശുപത്രി സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ വിശ്രമത്തിലായിരുന്നു യുവതി. ദില്‍കുമാര്‍ ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ നേരം ഐസിയുവില്‍ കയറുകയായിരുന്നു. ഈ സമയം യുവതി മയക്കത്തിലായിരുന്നു. ഐസിയുവിലെത്തിയ ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു.
യുവതി അവശതയില്‍ ആയതുകൊണ്ട് തന്നെ അപ്പോള്‍ ബഹളം വെക്കാന്‍ പോലും സാധിച്ചില്ല. പിന്നീട് രാത്രി ബന്ധുക്കള്‍ കാണാനെത്തിയപ്പോഴാണ് ഇവര്‍ കരഞ്ഞുകൊണ്ട് ഈ സംഭവങ്ങള്‍ വിവരിക്കുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെ അപ്പോള്‍ തന്നെ ബന്ധുക്കള്‍ വിവരമറിയിച്ചു. തുടര്‍ന്ന് ആര്‍എംഒയുടെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തി. ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് സൂപ്രണ്ടിന് സമര്‍പ്പിച്ചു. സൂപ്രണ്ടാണ് മെഡിക്കല്‍ കോളജ് പൊലീസില്‍ വിവരമറിയിച്ചത്. ശേഷം, പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Story Highlights : Thiruvananthapuram Medical College staff member arrested for assaulting a woman in ICU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here