Advertisement

‘മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലേക്കുയര്‍ത്തിയ പ്രതിഭ’; ഷാജി എന്‍ കരുണിനെ അനുസ്മരിച്ച് രാഷ്ട്രീയ – സാംസ്‌കാരിക ലോകം

2 days ago
Google News 2 minutes Read
shaji n karun

അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണിനെ അനുസ്മരിച്ച് മലയാള രാഷ്ട്രീയ സിനിമാ ലോകം. മലയാള സിനിമയുടെ മുഖവും മുഖശ്രീയുമായിരുന്ന അതുല്യനായ ചലച്ചിത്രാവിഷ്‌കാരകനെയാണ് ഷാജി എന്‍ കരുണിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ-അന്തര്‍ ദേശീയ തലങ്ങളില്‍ മലയാള സിനിമയെ നിതാന്തമായി അടയാളപ്പെടുത്തുകയും അതുവഴി മലയാളിയുടെ യശസ്സുയര്‍ത്തുകയും ചെയ്ത ചലച്ചിത്രകാരനാണ് ഷാജി എന്‍ കരുണെന്നും അദ്ദേഹം കുറിച്ചു.

മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലേക്കുയര്‍ത്തിയ പ്രധാനപ്പെട്ട പേരാണ് ഷാജി എന്‍ കരുണിന്റെതെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാര്‍ പറഞ്ഞു. ഒരു ജീനിയസ് എന്നൊക്കെ പറയാവുന്ന സംവിധായകനാണ് അദ്ദേഹമെന്നും പ്രേംകുമാര്‍ ചൂണ്ടിക്കാട്ടി. സിനിമയിലെ എല്ലാ മേഖലകളെ കുറിച്ചും ആഴമേറിയ അറിവുണ്ടായിരുന്ന വ്യക്തിയെന്നും പ്രേംകുമാര്‍ വ്യക്തമാക്കി. പ്രിയപ്പെട്ട ഷാജി സാറിന് ആദരാഞ്ജലികള്‍ എന്ന് മമ്മൂട്ടി സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചിട്ടുണ്ട്.

മലയാള സിനിമയെ രാജ്യാന്തര തലത്തില്‍ അടയാളപ്പെടുത്തിയ പ്രതിഭയാണ് ഷാജി എന്‍ കരുണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുസ്മരിച്ചു. ഛായാഗ്രാഹകനായും സംവിധായകനായും മലയാള സിനിമയ്ക്ക് അതുല്യമായ സംഭാവനകളാണ് ഷാജി എന്‍. കരുണ്‍ നല്‍കിയത്. വാണിജ്യ താത്പര്യങ്ങള്‍ക്കപ്പുറം സിനിമയുടെ കലാമൂല്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയാറായിരുന്നില്ല – വി ഡി സതീശന്‍ വ്യക്തമാക്കി.

Read Also: സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

മലയാള സിനിമയെ ദേശീയ – അന്തര്‍ദേശീയ തലങ്ങളില്‍ അടയാളപ്പെടുത്തിയ സംവിധായകനെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. മലയാള സിനിമയ്ക്കും സാംസ്‌കാരിക ലോകത്തിനും വലിയ ആഘാതമാണ് ഈ വിയോഗം. നമ്മുടെ സിനിമാമേഖലയുടെ വളര്‍ച്ചയ്ക്കായി അദ്ദേഹം നടത്തിയ പ്രയത്‌നങ്ങള്‍ വളരെ വലുതാണ് – സജി ചെറിയാന്‍ വ്യക്തമാക്കി.

സിനിമയില്‍ ഗുരുസ്ഥാനീയന്‍ എന്ന് സംവിധായകന്‍ വിനയന്‍ പ്രതികരിച്ചു. മികച്ച ചലച്ചിത്രകാരനെയും സംഘാടനകനെയും മനുഷ്യ സ്‌നേഹിയേയുമാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഒരു സിനിമാ നയം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലാക്കിയാണ് ഷാജി എന്‍ കരുണ്‍ മടങ്ങുന്നതെന്ന് സംവിധായകനും നടനുമായ മധുപാല്‍ പ്രതികരിച്ചു. വ്യക്തിപരമായും ഏറെ വേദനയുണ്ടാക്കുന്ന വേര്‍പാടെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : The political and cultural world remembers Shaji N. Karun

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here