Advertisement

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

2 days ago
Google News 2 minutes Read
shaji n karun

പ്രശസ്ത സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസ്സായിരുന്നു. ഇന്ന് വെെകുന്നേരം 5 മണിയോടെ തിരുവനന്തപുരം വെള്ളയമ്പലത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.വർഷങ്ങളായി കാൻസർ രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കെഎസ്എഫ്ഡിസിയുടെ ചെയർമാനായി പ്രവർത്തിച്ചിരുന്ന കാലയളവിലും അദ്ദേഹം ചികിത്സയുടെ ഭാഗമായിരുന്നു. സംസ്കാരം നാളെ വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ വെച്ച് നടക്കും.

40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി, അന്തരിച്ച അതുല്യകലാകാരൻ ജി അരവിന്ദന്റെ ഛായാ​ഗ്രാഹകൻ‌ എന്ന നിലയിൽ മലയാളത്തിലെ നവതരംഗ സിനിമയക്ക് സർഗാത്മകമായ ഊർജം പകർന്നു നൽകി. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു. കാഞ്ചന സീത, എസ്തപ്പാൻ, ഒന്നുമുതൽ പൂജ്യം വരെ സിനിമകൾക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു.

അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘പിറവി’ കാൻ ഫെസ്റ്റിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ച ചിത്രമാണ്. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫെസ്റ്റിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെക്കപ്പെട്ട ഏക മലയാള സിനിമയായിരുന്നു.

സിനിമമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നതപുരസ്‌കാരമായ ജെസി ഡാനിയേല്‍ ഏറ്റുവാങ്ങിയിരുന്നു. അതായിരുന്നു ഷാജി എന്‍ കരുണിന്റെ അവസാന പൊതുപരിപാടി.

കൊല്ലം ജില്ലയിൽ കണ്ടചിറയിൽ എൻ. കരുണാകരന്റേയും ചന്ദ്രമതിയുടേയും മൂത്ത പുത്രനായിട്ടാണ് ഷാ‍ജി ജനിച്ചത്. 1963 ൽ അവരുടെ കുടുംബം തിരുവന്തപുരത്തേക്ക് മാറി. പള്ളിക്കര സ്കൂൾ, യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1971 ൽ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി.

സംസ്ഥാന ചലചിത്ര അക്കാദമി രൂപപ്പെട്ടപ്പോൾ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സം‌വിധായകനായ ജി. അരവിന്ദനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി.അദ്ദേഹത്തിന്റെ കീഴിൽ ഷാജി ഛായാഗ്രാഹകനായി കൂടി. കൂടാതെ പ്രശസ്ത സംവിധായകരായ കെ.ജി. ജോർജ്, എം.ടി. വാസുദേവൻ നായർ എന്നിവരുടെ കൂടെയും ഷാജി ജോലി ചെയ്യാൻ തുടങ്ങി. അദ്ദേഹത്തിന്റെ ക്യാമറ/ഛായാഗ്രഹണം മലയാള സിനിമക്ക് ഒരു പ്രത്യേക മാനം തന്നെയാണ് നൽകിയത്.

Story Highlights : Director Shaji N. Karun passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here