എന്റെ മഹാഭാരതത്തിൽ നാനി ഒരു വേഷം ചെയ്യും ; രാജമൗലി

ബ്രഹ്മാണ്ഡ സംവിധായകൻ രാജമൗലിയുടെ സ്വപ്ന സംരംഭമായ മഹാഭാരതത്തിന്റെ ചലച്ചിത്രരൂപത്തിൽ നടൻ നാനി അഭിനയിക്കും. നാനിയുടെ പുതിയ ചിത്രമായ ഹിറ്റ് 3 യുടെ പ്രീറിലീസ് പാർട്ടിയിൽ വെച്ച് രാജമൗലി തന്നെയാണ് ചിത്രത്തിലെ താരത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഏറെ വർഷക്കാലമായി ഇതിഹാസ കൃതിയെ തിരശീലയിലെത്തിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു രാജമൗലി. ‘മഹാഭാരതം ഒറ്റ ചിത്രത്തിൽ പറയാൻ സാധിക്കില്ല, അതുകൊണ്ട് 4 ഭാഗങ്ങളാക്കേണ്ടി വരും. അവയെല്ലാം പൂർത്തിയാക്കാൻ കുറഞ്ഞത് 6 വർഷമെങ്കിലും സമയമെടുക്കും. അത്ര നീണ്ട കാലയളവ് ഈ പ്രോജെക്റ്റിന് വേണ്ടി മാറ്റി വെക്കാൻ താരങ്ങളെ കിട്ടുകയെന്നതാണ് പ്രധാന വെല്ലുവിളി’യെന്നാണ് മുൻപൊരിക്കൽ രാജമൗലി പറഞ്ഞിട്ടുള്ളത്.
രാജമൗലിയുടെ തന്നെ RRR എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രാം ചരണും, ജൂനിയർ എൻ.ടി.ആറും മഹാഭാരതത്തിൽ കാസ്റ്റ് ചെയ്യപ്പെട്ടേയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻപ് ചെയ്ത ബാഹുബലി, മഗധീര, RRR എന്നെ ചിത്രങ്ങളിലെല്ലാം മഹാഭാരതത്തിന്റെ ആഴത്തിലുള്ള സ്വാധീനമുണ്ടെന്ന് രാജമൗലി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ചില അഭിമുഖങ്ങളിൽ ജൂനിയർ എൻ.ടി.ആറിനെ കൃഷ്ണനെയും പ്രഭാസിന്റെ കർണനായും അഭിനയിപ്പിച്ചാൽ നന്നായിരിക്കുമെന്ന് വരെ രാജമൗലി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിനകം നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 AD എന്ന ചിത്രത്തിൽ പ്രഭാസ് കർണനായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
നാനി ഏത് വേഷം ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടില്ലായെങ്കിലും നാനി മാത്രമാണ് ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പുള്ളതെന്നാണ് രാജമൗലി പറഞ്ഞത്. ചിത്രത്തിന്റെ പ്രാരംഭ ജോലികൾ തുടങ്ങുന്നതിന് മുൻപ് മഹാഭാരതത്തിന്റെ രാജ്യത്തുള്ള പല രീതിയിലുള്ള പ്രധാനപ്പെട്ട പതിപ്പുകളെല്ലാം വായിക്കണം, എന്നാൽ അതിനുതന്നെ ഒരു വർഷമെടുക്കും. ശേഷം 10 ചിത്രങ്ങൾ ആക്കി അത് നിർമ്മിക്കേണ്ടി വരുമെന്നും, മഹാഭാരതത്തിൽ താൻ ആകൃഷ്ടനാകാൻ അമർചിത്രകഥകളാണ് കാരണമെന്നും അദ്ദേഹം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതേ സമയം ബോളിവുഡ് താരം ആമിർ ഖാനും മഹാഭാരതം സിനിമയാക്കാനുള്ള ശ്രമത്തിലാണെന്നതും ശ്രദ്ധേയമാണ്.
Story Highlights :Nani will play a role in my Mahabharata: Rajamouli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here