വിജയം നിര്‍ണായകം; പ്ലേ ഓഫ് ലക്ഷ്യമിട്ട് ചെന്നൈയും പഞ്ചാബും ഇന്ന് ഐപിഎല്‍ കളത്തില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആശ്വാസ ജയം തേടി ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും ഇന്ന് ഏറ്റുമുട്ടും. ചെന്നൈയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ ചെന്നൈക്കും പ്ലേ ഓഫ് ലക്ഷ്യമിടുന്ന പഞ്ചാബിനും ഇന്നത്തെ മത്സരം അതിനിര്‍ണായകം തന്നെ. എല്ലാം മറന്നുപൊരുതാന്‍ ചെന്നൈക്ക് ഇന്ന് കഴിയും. കാരണം നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത നിലയിലേക്കാണ് ചെന്നൈ ഈ സീസണില്‍ എത്തിപ്പെട്ടിരിക്കുന്നത്. ഏതാണ്ട് ഇതേ അവസ്ഥയില്‍ തന്നെയാണ് പഞ്ചാബും. ഒരു പോയിന്റ് നഷ്ടം പോലും വലിയ തിരിച്ചടികളാണെന്ന കണക്കുകൂട്ടലാണ് പഞ്ചാബ് ക്യാമ്പിലുള്ളത്.
ചെന്നൈക്ക് നാലും പഞ്ചാബിന് പതിനൊന്നും പോയിന്റ് വീതമാണുള്ളത്. ചെപ്പോക്കില്‍ അജയ്യര്‍ എന്ന വിശ്വാസത്തിന് ഇളക്കം തട്ടിയ സീസണില്‍ ഇടയ്ക്കിടെ ടീമില്‍ അഴിച്ചുപണി വരുത്തി ചെന്നൈ പതിവുകള്‍ തിരുത്തിയെങ്കിലും വിജയം മാത്രം കൈപ്പിടിയിലൊതുക്കാന്‍ ധോണിയുടെ സംഘത്തിന് ആവുന്നില്ല. വിജയത്തിലേക്ക് അടുക്കാന്‍ ഒരു ഭേദപ്പെട്ട സ്‌കോര്‍ പോലും ഉണ്ടാക്കാന്‍ ബാറ്റര്‍മാര്‍ക്ക് ആകുന്നില്ല. പഞ്ചാബിന്റെ ഉന്നം പ്ലേ ഓഫ് ആണ്. ചെന്നൈയുടെ ഇപ്പോഴുള്ള അവസ്ഥയില്‍ പഞ്ചാബിന് വിജയിക്കാനാകുമെന്ന തോന്നലുണ്ടെങ്കിലും എല്ലാം മറന്നുപൊരുതുന്ന ചെന്നൈ ആണ് ഇന്ന് കളത്തിലെങ്കില്‍ വിജയം പഞ്ചാബ് കിങ്‌സിന് എളുപ്പമാകില്ല. പ്രഭ്‌സിമ്രാന്‍സിംഗ്, പ്രിയാന്‍ഷ് ആര്യ, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവര്‍ ടോപ് ഓര്‍ഡറില്‍ തീര്‍ക്കുന്ന വെടിക്കെട്ടാണ് പഞ്ചാബിന്റെ കരുത്തെങ്കില്‍ ഇതിനെ ബൗളിങില്‍ മറികടക്കാമെന്ന കണക്കുകൂട്ടലിലായിരിക്കും ചെന്നൈ.
Story Highlights: Chennai Super kings vs Punjab kings in IPL 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here