പ്രിൻസ് ആൻഡ് ഫാമിലിയുടെ രണ്ടാം ടീസറെത്തി

ബിന്റോ ജോസഫിന്റെ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന പ്രിൻസ് ആൻഡ് ഫാമിലിയുടെ രണ്ടാമത്തെ ടീസർ റിലീസ് ചെയ്തു. ഏപ്രിൽ അവസാനം റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി വെക്കുകയായിരുന്നു. ചിത്രത്തിൽ ദിലീപിനൊപ്പം സിദ്ധിഖ്, ബിന്ദു പണിക്കർ, ധ്യാൻ ശ്രീനിവാസൻ, ഉർവശി, മഞ്ജു പിള്ള, ജോണി ആന്റണി, അശ്വിൻ ജോസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
യുവത്വം പിന്നിട്ടിട്ടും വിവാഹം നടക്കാത്ത ഒരാളുടെ കഥയാണ് ചിത്രം പറയുന്നത് എന്ന് രണ്ട് ടീസറുകളിലും വ്യക്തമാണ്. ഇപ്പോൾ റിലീസായ ടീസറിൽ ഒരു ചടങ്ങിൽ ഭക്ഷണം വിളമ്പുന്ന ദിലീപിന്റെ കഥാപാത്രം പഴയൊരു സഹപാഠിയെയും മകളെയും കാണുകയും വിശേഷാന്വേഷണം നടത്തുകയും ചെയ്യുന്നു. അയാൾ തിരിച്ച് കുടുംബത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ ഇളിഭ്യനാകുന്ന അവിവാഹിതനായ ദിലീപിനെ ടീസറിൽ കാണാം.

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം ദിലീപിന്റെ 150 ആമത്തെ ചിത്രമാണ് എന്നത് ശ്രദ്ധേയമാണ്. സനൽ ദേവ് സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രെണ ദിവെയാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് സാഗർ ദാസാണ്. ജനഗണമന, ക്വീൻ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ തയാറാക്കിയ ശാരിസ് മുഹമ്മദ് ആണ് പ്രിൻസ് ആൻഡ് ഫാമിലിക്ക് വേണ്ടി പേന ചലിപ്പിച്ചിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ ആദ്യമായാണ് ദിലീപിനൊപ്പം അഭിനയിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിന് ശേഷം ഉർവശിയും ദിലീപും പ്രിൻസ് ആൻഡ് ഫാമിലിയിലൂടെ ഒരുമിക്കുന്നുണ്ട്. ഫീൽ ഗുഡ് ഫാമിലി എന്റർടൈനർ സ്വഭാവത്തിലൊരുക്കിയിരിക്കുന്ന ചിത്രം മെയ് 9 ന് തിയറ്ററുകളിലെത്തും.
Story Highlights :The second teaser of ‘Prince and Family’ is out
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here