ഇത് ഞെട്ടിക്കും, കിടുക്കും; അവതരിക്കാനൊരുങ്ങി എംജിയുടെ വിൻഡ്‌സർ പ്രൊ

ഇന്ത്യൻ വിപണിയിൽ ചൂടുപിടിച്ചിരിക്കുകയാണ് എംജിയുടെ വിൻഡ്‌സർ ഇവി. രാജ്യത്ത് ആളുകൾ ഏറ്റവും കൂടുതൽ വാങ്ങുന്ന ഇവിയെന്ന ഖ്യാതി തുടർച്ചയായി ആറാം മാസവും വിൻഡ്‌സർ തൂക്കുകയുണ്ടായി. ഇതോടെയാണ് കൂടുതൽ മികവോടെ വിൻഡ്‌സർ ടോപ് സ്പെക് വേരിയന്റ് എത്തിക്കാൻ കമ്പനി ആലോചിച്ചത്. ‘വിൻഡ്‌സർ പ്രൊ’ എന്ന് പേരിട്ടിരിക്കുന്ന വാഹനം കൂടുതൽ റേഞ്ചിനും സുരക്ഷയ്ക്കുമൊപ്പം മികച്ച ഫീച്ചറുകളുമായാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്.
മെയ് ആറിനാണ് ഇന്ത്യയിൽ വിൻഡ്‌സർ പ്രൊ അവതരിപ്പിക്കുക. വാഹനത്തിന്റെ ടീസർ വീഡിയോ ഇതിനോടകം കമ്പനി പുറത്തുവിട്ടിരുന്നു. ഡിസൈനിൽ കാര്യമായ പരിഷ്കാരങ്ങൾ ഒന്നുമില്ലാതെയാണ് വാഹനം വിപണിയിൽ എത്തുന്നത്. വിന്‍ഡ്‌സറിന്റെ ഇന്തോനേഷ്യൻ പതിപ്പായ വുളിങ് ക്ലൗഡ് ഇവിയിലേതിന് സമാനമായ 50.6 kWh ബാറ്ററി ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 38 kWh ബാറ്ററി പാക്കിലാണ് എംജി വിൻഡ്‌സർ ലഭ്യമാകുന്നത്.
വെഹിക്കിൾ-ടു-ലോഡ് (V2L) ചാർജിങ്ങ് സംവിധാനത്തെ കുറിച്ചുള്ള സൂചനയും ടീസർ നൽകുന്നു. ഫ്രണ്ട് പാസഞ്ചർ സീറ്റ്, ലെവൽ 2 ADAS തുടങ്ങിയ സവിശേഷതകളും എംജി വിൻഡ്‌സർ ഇവി പ്രോയിൽ കമ്പനി അവതരിപ്പിക്കും. ഡിജിറ്റൽ കൺസോൾ, 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജിംഗ്, ഫിക്സഡ് ഗ്ലാസ് റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, റിക്ലൈനബിൾ പിൻ സീറ്റ്, 9-സ്പീക്കർ ഇൻഫിനിറ്റി ഓഡിയോ സിസ്റ്റം എന്നിവയുൾപ്പെടെ മിക്ക സവിശേഷതകളും ഇതിലും ഉണ്ടാവും.
ആറ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട്, ഹിൽ ഡിസെന്റ് കൺട്രോൾ, റിയർ പാർക്കിങ്ങ് സെൻസറുകൾ, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിങ്ങ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്ററിങ്ങ് സിസ്റ്റം എന്നീ സുരക്ഷാ സംവിധാനങ്ങളും നിലനിർത്തും.
Story Highlights : MG’s Windsor Pro is set to be unveiled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here