‘കാശ്മീർ ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് രഹസ്യ വിവരം കിട്ടിയിരുന്നു; എന്തുകൊണ്ട് നടപടി എടുത്തില്ല’, ഗുരുതര ആരോപണവുമായി ഖാർഗെ

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏപ്രിൽ 22 ന് പഹൽഗാം ആക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുൻപ് തന്നെ മുന്നറിയിപ്പ് കിട്ടിയിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട് ലഭിച്ചത് കൊണ്ടാണ് മോദി കാശ്മീർ യാത്ര റദ്ദാക്കിയത്. എന്നിട്ടും എന്തുകൊണ്ട് ആക്രമണം തടയാൻ നടപടിയെടുത്തില്ലെന്ന് ഖാർഗെ ആരോപണം ഉന്നയിച്ചു.
“ഇന്റലിജൻസ് പരാജയം ഉണ്ട്, സർക്കാർ അത് അംഗീകരിച്ചിട്ടുണ്ട്, അവർ അത് പരിഹരിക്കും. അവർക്ക് ഇത് അറിയാമായിരുന്നെങ്കിൽ, അവർ എന്തുകൊണ്ട് ഒന്നും ചെയ്തില്ല?. ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി മോദിക്ക് ഒരു ഇന്റലിജൻസ് റിപ്പോർട്ട് അയച്ചതായും അതിനാൽ അദ്ദേഹം കശ്മീർ സന്ദർശിക്കാനുള്ള തന്റെ പരിപാടി റദ്ദാക്കിയതായും എനിക്ക് വിവരം ലഭിച്ചു, ഞാനും ഇത് ഒരു പത്രത്തിൽ വായിച്ചു, നിങ്ങക്ക് ഈ വിവരം അറിയാമെങ്കിൽ എന്തുകൊണ്ട് നല്ല ക്രമീകരണങ്ങൾ ചെയ്തില്ല എന്നതാണ് ഞങ്ങളുടെ ചോദ്യം?” ഖാർഗെ കൂട്ടിച്ചേർത്തു.
Read Also: വ്യോമാക്രമണം ഉണ്ടായാൽ എന്ത് ചെയ്യണം; നാളെ 14 ജില്ലകളിലും മോക് ഡ്രിൽ
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ നടപടികൾ കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ചിനാബ് നദിയിൽ നിന്നുള്ള നീരൊഴുക്ക് ഇന്ത്യ വീണ്ടും കുറച്ചു. ഒപ്പം
സലാൽ ഡാമിലെ നീരൊഴുക്കും കുറച്ചു. ക്രമേണ ജലവിതരണം പൂർണമായി അവസാനിപ്പിക്കാൻ അണക്കെട്ടുകൾ നിർമിക്കാനുള്ള ആലോചനയിലാണ് ഇന്ത്യ.
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് അമേരിക്ക ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യ ഭീകരതയ്ക്കെതിരെ നിലകൊള്ളണമെന്നും ആ ശ്രമങ്ങളെ പിന്തുണയ്ക്കാൻ യുഎസ് സാധ്യമായതെല്ലാം ചെയ്യുമെന്നും യുഎസ് പ്രതിനിധിസഭാ സ്പീക്കർ മൈക്ക് ജോൺസൺ വ്യക്തമാക്കി.
ന്ത്യ-പാകിസ്താൻ സംഘർഷ സാഹചര്യത്തിൽ നാളെ രാജ്യവ്യാപകമായി മോക് ഡ്രിൽ നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലടക്കം മോക് ഡ്രിൽ നടക്കും. കേന്ദ്ര നിർദേശപ്രകാരമാണ് നാളെ കേരളത്തിലെ എല്ലാ ജില്ലകളിലും മോക്ഡ്രിൽ സംഘടിപ്പിക്കുന്നത്. വ്യോമാക്രമണം ഉണ്ടായാല്‍ എന്തൊക്കെ മുന്‍കരുതലുകള്‍ പാലിക്കണം എന്നകാര്യങ്ങളായിരിക്കും പരിശീലിപ്പിക്കുക.
Story Highlights : Mallikarjun Kharge asked the Centre why it didn’t deploy more security in Pahalgam if it had the intelligence report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here